എട്ടാമത്തെ മോതിരം- ശ്രീ. കെ.എം. മാത്യു.

എന്റെ വായന- രണ്ട്‌
മലയാള മനോരമയുടെ മുഖ്യ പത്രാധിപര്‍, അടുപ്പം ഉള്ളവര്‍ 'മാത്തുക്കുട്ടിച്ചായന്‍' എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന, ശ്രീ. കെ.എം. മാത്യുവിന്റെ ആത്മകഥ ആണ് 2008-ല്‍ പ്രസിദ്ധീകരിച്ച 'എട്ടാമത്തെ മോതിരം'.

1973 -ല്‍ ആണ്, ഇപ്പോള്‍ തൊണ്ണൂറു വയസ്സ് പിന്നിട്ട, അദ്ദേഹം മനോരമയുടെ പത്രാധിപര്‍ ആയത്‌.
ഒരു ആത്മകഥ എന്ന് ഈ പുസ്തകത്തെ വിളിക്കാന്‍ പറ്റില്ല, ഇത് മലയാള മനോരമ പത്രത്തിന്റെയും മനോരമ കുടുംബത്തിന്റെയും കഥയാണ്‌,ഒപ്പം കേരള ചരിത്രത്തിലെ ചില രാഷ്ട്രീയ സംഭവങ്ങളും.

ഇതില്‍ ഒരു നായകന്‍ ഉണ്ടെങ്കില്‍ അത് കെ.എം മാത്യുവിന്റെ ജേഷ്ഠന്‍ ശ്രീ. കെ.എം ചെറിയാന്‍ ആണ്.
പക്ഷെ തീര്‍ച്ചയായും ഒരു വില്ലന്‍ ഉണ്ട്, അത് സാക്ഷാല്‍ സി.പി രാമസ്വാമി അയ്യര്‍ ആണ്.

വേമ്പനാട് കായലില്‍ ചേരുന്നതിന് മുമ്പ് പമ്പ ആറ് പിളര്‍ന്നു രൂപപ്പെട്ട 'കുപ്പപ്പുറം' എന്ന വിളിക്കുന്ന വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തിലെ ബാല്യകാല ജീവിതത്തിന്റെ ഓര്‍മകളുമായി വായന തുടങ്ങാം. ഇന്നും അദ്ദേഹത്തിന്റെ ഓര്‍മയില്‍ കുളിരായി അവശേഷിക്കുന്ന കുപ്പപ്പുറത്തിന്റെ ഓര്‍മ്മകള്‍ വായനക്കാരും മറക്കില്ല.

സി.പി രാമസ്വാമി അയ്യര്‍ തിരുവതാംകൂറില്‍ ദിവാനായി നടത്തിയ സ്വേച്ചാധിപത്യ ഭരണത്തിന് എതിരായി മനോരമ പത്രം പ്രവര്‍ത്തിച്ചപ്പോള്‍ പത്രത്തെ ഇല്ലാതാക്കാന്‍ സി.പി തീരുമാനം എടുത്തു, ഒടുവില്‍ 1938-ല്‍ പൂട്ടി മുദ്ര വയ്ക്കുന്നു. ഇതാണ് പൊതുജനങ്ങള്‍ക്കു അറിവുള്ള കാര്യം ആണ്.

പക്ഷെ പത്രം പൂട്ടുന്നതിനും മുമ്പ് ഉണ്ടായിട്ടുള്ള ചില സംഭവങ്ങളും ശ്രദ്ധിക്കപ്പെടെണ്ടത് തന്നെ ആണ്.

മനോരമ കുടുംബം നടത്തിയ പല സംരംഭങ്ങളില്‍ ഒന്ന് മാത്രം ആയിരുന്നു 'മലയാള മനോരമ' പത്രം . ബാങ്ക്, ഇന്‍ഷുറന്‍സ്,ബലൂണ്‍ നിര്‍മ്മാണം, കാപ്പി/റബര്‍ തോട്ടങ്ങള്‍, ഖനനം തുടങ്ങി പല വിധമായ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, പലതും നഷ്ട്ടത്തില്‍ കലാശിക്കുകയും ചെയ്തു.

മനോരമ കുടുംബത്തിന്റെ 'തിരുവതാംകൂര്‍ നാഷനല്‍ ബാങ്ക്' 'ക്വയിലോണ്‍ ബാങ്ക്' -മായി സംയോജിച്ച് 'നാഷനല്‍ ആന്‍ഡ്‌ ക്വയിലോണ്‍ ബാങ്ക്' ആയി തീരുന്നു. അതിനു മുമ്പ് തന്നെ രണ്ട്‌ ബാങ്കുകളും ചേര്‍ന്ന് 'ന്യു ഗാര്‍ഡിയന്‍ ഓഫ് ഇന്ത്യ' എന്നൊരു ഇന്‍ഷുറന്‍സ് കമ്പനിയും സ്ഥാപിച്ചു നല്ല നിലയില്‍ മുമ്പോടു പോകുന്നു.

സി.പി യുടെ വാശി ആദ്യം ഈ ബാങ്കും ഇന്‍ഷുറന്‍സ് കമ്പനിയും തകര്‍ക്കുന്നതില്‍ ആയിരുന്നു.
സി.പി യുടെ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ പല വിധമായ രീതിയിലും ബാങ്കിന് എതിരെ കിംവദന്തി പരക്കുന്നു. നിക്ഷേപകര്‍ പണം പിന്‍‌വലിക്കുന്നു.. ഒടുവില്‍ ബാങ്ക് പൂട്ടുന്നു. കുടുംബം സാമ്പത്തികമായി തകരുന്നു. ബാങ്കിന്റെ തലവന്‍ ശ്രീ.കെ.സി മാമ്മന്‍ മാപ്പിളയും മറ്റും അറസ്റ്റില്‍ ആവുന്നു. അതിനു മുമ്പ് തന്നെ 'നെയ്യാറ്റിന്‍കര സംഭവത്തെ' പറ്റി ഉള്ള വാര്‍ത്തയുടെ പേരില്‍ പത്രവും സി.പി പൂട്ടിക്കുന്നു.

ബാങ്കിന്‍റെ പണം കുടുംബത്തിലെ മറ്റു വ്യവസായങ്ങളില്‍ മുടക്കി നിഷേപകരുടെ പണം നഷ്ട്ടപെടുത്തി എന്നായിരുന്നു കെ.സി. മാമ്മന്‍ മാപ്പിളയുടെ പേരില്‍ ഉണ്ടായ കേസ്.

ഇതെല്ലം മനോരമ പത്രം പൂട്ടിക്കാന്‍ വേണ്ടി സി.പി പ്ലാന്‍ ചെയ്ത തിരക്കഥ ആയിരുന്നു എന്ന ശ്രീ.കെ.എം. മാത്യുവിന്റെ ആരോപണത്തില്‍ അല്‍പ്പം കല്ലുകടി തോന്നി എന്ന് പറയേണ്ടി വരും.
ബാങ്കും, ഇന്‍ഷുറന്‍സ് കമ്പനിയും പൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ഇന്നവ രണ്ടും ലോകോത്തര നിലവാരമുള്ള സ്ഥാ‍പനങ്ങള്‍ ആകുമായിരുന്നു എന്നും ഗ്രന്ഥകാരന്‍ പറയുന്നു.

സി.പി ദുര്‍ഭരണം നടത്തി എങ്കിലും കേരളത്തില്‍ പല പുതിയ വ്യവസായങ്ങളും ആരംഭിച്ചു എന്നാണ് പൊതുവേ പറയപ്പെടുന്നത്‌. പക്ഷെ അവയൊക്കെ കോയമ്പത്തൂരും മറ്റുമുള്ള സി.പി യുടെ വ്യവസായ സുഹൃത്തുക്കളെ സഹായിക്കാന്‍ വേണ്ടി ആയിരുന്നു എന്ന് ശ്രീ.കെ.എം. മാത്യു വിലയിരുത്തുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം മലയാള മനോരമ പത്രം പുനരാരംഭിക്കുന്നു, 1954 -ല്‍ ശ്രീ.കെ.സി മാമ്മന്‍ മാപ്പിള ദിവംഗതനായി ശ്രീ.കെ.എം ചെറിയാന്‍ പത്രാധിപര്‍ ആകുന്നു. പല വിധമായ ബുദ്ധിമുട്ടുകളെ തരം ചെയ്തു മനോരമ പത്രം വളരുന്നു.

ഓര്‍ത്ത്‌ഡോക്സ്-യാക്കോബായ വിഭാഗങ്ങളുടെ തര്‍ക്കം, രാഷ്ട്രീയ പാര്‍ട്ടികളോടുള്ള നിലപാടുകള്‍, പല പ്രഗല്‍ഭ പത്ര പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും മനോരമയുമായുള്ള ബന്ധം, മനോരമയുടെ ആധുനികവല്ക്കരണം ,പ്രൊഫഷണല്‍ സമീപനം ഒക്കെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന മനോരമ കുടുംബത്തിലെ അംഗങ്ങളുടെ സമാനമായ പേരുകള്‍ ചിലപ്പോള്‍ ആശയകുഴപ്പം ഉണ്ടാക്കും, പുസ്തകത്തോടൊപ്പം ചേര്‍ത്തിട്ടുള്ള വംശവൃക്ഷം പലപ്പോഴും സഹായകം ആകും.

ശ്രീ.കെ.എം മാത്യവിന്റെ പിതാവ്‌ ഭാര്യ മരിച്ചപ്പോള്‍ അവരുടെ ആഭരണങ്ങള്‍ എല്ലാം എടുത്തു ഉരുക്കി തന്റെ ഒന്‍പതു മക്കള്‍ക്കും ഓരോ മോതിരം പണിയിച്ചു നല്‍കി. എട്ടാമത്തെ മകനായിരുന്നു ശ്രീ. കെ.എം മാത്യു, അങ്ങനെ പുസ്തകത്തിന് 'എട്ടാമത്തെ മോതിരം' എന്ന പേരിട്ടു.

എന്റെ വായന:
വായിച്ചു തീരുന്ന പുസ്തകങ്ങളെ പറ്റി രണ്ടു വരി എഴുതാന്‍ ഉള്ള ശ്രമം ആണ്.

എന്റെ വായന- ഒന്ന് കഥ ഇതുവരെ(സര്‍വീസ് സ്റ്റോറി) - ഡോ. ഡി. ബാബു പോള്‍.

5 comments:

കുട്ടകളി said...
on

anne thudangiyathaano, ee congress chaayv....

മാരാര്‍ said...
on

ഇതും കൂടി വായിക്കാം

നുണരമയുടെ മോതിരത്തിന്റെ ചെമ്പ് തെളിയവേ
http://pmn1974.blogspot.com/2009/04/blog-post.html

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

മാരാര്‍, ഈ പുസ്തകത്തിലെ വൈരുധ്യങ്ങളെ പറ്റിയുള്ള പോസ്റ്റ്‌ കണ്ടിരുന്നില്ല.
പല ആത്മകഥകളും ഓര്‍മ്മകുറിപ്പുകളും വായിച്ചതില്‍ എഴുത്തുകാരന്റെ ആത്മാര്‍ത്ഥതയില്‍ സംശയം തോന്നിയ ഒരു പുസ്തകം ഇത് മാത്രം. പ്രത്യേകിച്ച് മനോരമ ( ബാങ്കും,പത്രവും) പൂട്ടിയതും സി.പി യുടെ ഭരണത്തെ പറ്റിയും ഒക്കെ ഉള്ള ഭാഗങ്ങള്‍.

ഒരാള്‍ തൊണ്ണൂറാം വയസില്‍ ഇങ്ങനെ കളവ് എഴുതുമോ?
അതുപോലെ അക്കാലത്തെ കേരള ചരിത്രവും ( സി.പി യുടെ ഭാഗം ) വായിച്ചു അറിയാനുള്ള വഴി ഇല്ലാത്തതുകൊണ്ടും എന്റെ സംശയം 'കല്ലുകടി' എന്നൊരു പ്രയോഗത്തില്‍ ഒതുക്കി.

Robert said...
on

അടുത്ത കാലത്ത് വായിച്ച മലയാളം ആത്മ കഥകളില്‍ പ്രത്യക്ഷത്തില്‍ തന്നെ 'കല്ല്‌ കടി' അനുഭവപ്പെട്ടവ ആരുന്നു കെ.എം. മാത്യുവിന്റെ ആത്മകഥയും കെ. കരുണാകരന്റെ ആത്മ കഥയും. ആത്മ കഥയില്‍ പോലും നുണ പ്രചരിപ്പിക്കുന്നവരെ എന്ത് പറയണം?

ജോണ്‍ ചാക്കോ, പൂങ്കാവ് said...
on

Robert,
ഇതിനിടയില്‍ കരുണാകരനും ആത്മകഥ എഴുതിയോ? അറിഞ്ഞില്ല...
കരുണാകരന്‍ പ്രത്യേകിച്ച് ഒരു ആത്മകഥ എഴുതേണ്ട കാര്യമില്ല, അദ്ദേഹം ആരാണെന്നു അറിയാന്‍ രാജന്റെ പിതാവ്, ഈച്ചരവാര്യര്‍ എഴുതിയ 'ഒരച്ഛന്റെ ഓര്‍മ്മകുറിപ്പുകള്‍' മാത്രം വായിച്ചാല്‍ മതി.

പണ്ട് ജനക മഹാരാജാവിനു ശാപം കിട്ടിയ പോലെ ആണ് ഇപ്പോള്‍ കരുണാകരന്റെ പുത്ര ദുഃഖം.

Find It