മത്തി

പത്തു രൂപയ്ക്കഞ്ചു മത്തി, ചാല കമ്പോളത്തില്‍
മത്തി പത്തു തിരഞ്ഞെടുത്തത്‌, കാപ്പില്ലാന്‍ സ്വയം
കുടല് മാല കീറി, പുറത്തെറിഞ്ഞത് കൂതറ
തൊണ്ട മുട്ടാതെ നായരച്ചന്‍, മാല വിഴുങ്ങി

ചിത്രകാരന്‍ കത്തി വീശി, നെടുകെ  വരഞ്ഞു
മാത്ര ഉപ്പ്‌ കുറുക്കി വന്നത്, ഷാരടിമാഷും
കുടഞ്ഞു  മഞ്ഞള്‍ അല്പ്പമായി, മാണിക്ക്യചേച്ചി
പൊടിച്ച കുരുമുളക് കൊടുത്ത്  വിട്ടത്‌, താരകയോ?

ചുക്കുമായി ഗമയില്‍ വന്നൊരു, ഗീര്‍വാണനെ
ചൂലെടുത്ത്, നെടുകെ  തല്ലി, വിട്ടത്  കാവലാന്‍
നറുമണത്തില്‍ മുന്തി നില്‍ക്കും, വെളിച്ചെണ്ണയില്‍
വറുത്തെടുത്തൊരു  മത്തിയെല്ലാം കാലിയായ് വേഗം

നാവില്‍ വെള്ളമൂറും മണം, മാത്രം ബാക്കിയായി

ആധുനിക കവിയുടെ പെരുമാറ്റ ചട്ടങ്ങള്‍

ആധുനിക കവിയുടെ പെരുമാറ്റ ചട്ടങ്ങള്‍


1. ബുദ്ധിജീവിക്കളി പരിശീലിക്കുക.


2.കവിതയെ വിമര്‍ശിക്കുന്നവന്റെ അപ്പനപ്പൂപ്പന്മാരെ മാത്രമല്ല പഞ്ചായത്തുകാരെ വരെ തെറി വിളിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്യുക.


3. വിമര്‍ശനം വന്നാല്‍ കമന്റ് ഓപ്ഷന്‍ അടച്ചിട്ടു വിമര്‍ശകരെ കൊഞ്ഞണം കുത്തിക്കാണിക്കുക.


4.പുറം ചൊറിയല്‍ കമന്റുകാരെ കൊണ്ട് കമന്റ് ഇടീപ്പിക്കുകയും പുകഴ്ത്തല്‍ ഗാന പാരായണങ്ങള്‍ നടത്തിപ്പിക്കുകയും ചെയ്യുക.

5.കവിത എഴുതി‌ തുടങ്ങുന്നവരെ വല്യേട്ടന്‍ ഭാവത്തില്‍ ശാസിക്കുകയും അടക്കി നിര്‍ത്തുകയും ചെയ്യുക. ഒപ്പം സീനിയര്‍ കവി ക്ലബുകളില്‍ തങ്ങള്‍ക്ക് സ്തുതിഗീതം പാടിയില്ലെങ്കില്‍ അംഗത്വം കൊടുക്കില്ലെന്ന് ഭീഷണിപ്പെടുത്തുക.


6.ആര്‍ക്കും മനസ്സിലാവാത്തതും തങ്ങള്‍ക്കു മാത്രം അറിയാവുന്നതെന്നും സ്വയം വിശ്വസിക്കുന്ന ഭാഷയിലെ ഇനി സംസാരിക്കൂ എന്ന് പ്രതിജ്ഞ എടുക്കുക. മറ്റുള്ളവര്‍ ആ ഭാഷ അറിയാത്തവര്‍ ആയതിനാല്‍ അവരുമായി സംവദിക്കാന്‍ സൌകര്യമില്ലേന്നു പറയുക.


7. ഉറുമ്പ്‌, ഈച്ച പാറ്റ തുടങ്ങിയ ജീവികളെ കവി കേസരികള്‍, കവി സിംഹങ്ങള്‍ , കവി ഗജങ്ങള്‍ എന്നിവരുടെ പേര് പറഞ്ഞു ഭീഷണിപ്പെടുത്തുക. ഉടക്കിയാല്‍ ചവിട്ടി മെതിക്കുമെന്നു ഭീഷണിപ്പെടുത്തുക.


8. ശബ്ദാവലിയില്‍ (ശബ്ദതാരാവലി ഇപ്പോള്‍ കിട്ടാനില്ല) ഉള്ളതും പ്രയോഗത്തില്‍ ഇല്ലാത്തതുമായ വാക്കുകള്‍ ഉപയോഗിച്ചുള്ള കവിതസാമ്പാര്‍ ഉണ്ടാക്കുക.


9. വൃത്തം, പ്രാസം, തുടങ്ങിയവയുടെ കാര്യം പറയുന്നവരുടെ വായില്‍ ഈയം ഉരുക്കിയോഴിക്കുക.

10. ആഴ്ചതോറും കവിസമ്മേളനം നടത്തുക.. വിമര്‍ശകരുടെ ലിസ്റ്റെടുത്തു അനോണി പട്ടാളത്തെ ഏല്‍പ്പിക്കുക.

ഡീ.സീ സമം പുസ്തകം

*** കേരളപ്പിറവിദിനാശംസകള്‍ ***


എന്റെ വായന -മൂന്ന്
മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മികച്ച ഒരു പുസ്തക പ്രസിദ്ധീകരണ സ്ഥാപനം ആണ് ഡൊമനിക് ചാക്കോ കിഴക്കേമുറി തന്റെ അറുപതാം വയസ്സില്‍ സ്ഥാപിച്ച ഡീ.സീ  ബുക്സ്.
അദ്ദേഹം ഒരു 'പുസ്തക കച്ചവടക്കാരന്‍' മാത്രം ആണെന്നായിരുന്നു പണ്ട് എന്റെ ധാരണ.
പക്ഷെ അറുപതു വയസിനു മുമ്പ് പല മേഖലകളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു,
ഡീ.സീ  ബുക്സ് പെന്‍ഷന്‍കാലത്തെ  സംരംഭം മാത്രം.

കുങ്കുമം വാരികയില്‍ 'ചെറിയ കാര്യങ്ങള്‍ മാത്രം' എന്ന പംക്തിയിലൂടെ ഡീ.സീ  എഴുതിയ ലേഖനങ്ങള്‍ പല പുസ്തകങ്ങളിലായി  (സത്യം 95 ശതമാനം,പാലങ്ങളും പാലങ്ങളും, മെത്രാനും കൊതുകും......)   പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആ ലേഖനപരമ്പരയിലെ അവസാനത്തെ പുസ്തകം ആണ് ' പുസ്തകങ്ങളുടെ മാത്രം ലോകം'.
വളരെ സരസമായി ഒരാഴ്ചയിലെ ആനുകാലിക സാംസ്‌കാരിക സംഭവങ്ങളെ പറ്റി ഡീ.സീ  എഴുതിയത് കേരളത്തിന്റെ 'സാംസ്‌കാരിക ഡയറി' എന്ന് വിശേഷിപ്പിക്കപെടുന്നു. പുസ്തക പ്രകാശനങ്ങള്‍, സാംസ്കാരിക സമ്മേളനങ്ങള്‍, രാഷ്ട്രീയം തുടങ്ങി ആകാശത്തിനു കീഴെ എന്തിനെ പറ്റിയും അദ്ദേഹം എഴുതിയിരുന്നു.

1914 -ല്‍ ജനിച്ച ഡീ.സീ  സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയില്‍വാസം വരിച്ചിട്ടുണ്ട്. അവശത അനുഭവിക്കുന്ന സമര സേനാനികളുടെ കുടുംബത്തിനു അര്‍ഹതപ്പെട്ട സര്‍ക്കാര്‍ സഹായങ്ങള്‍ തരപ്പെടുത്തി കൊടുക്കുന്നതില്‍ ഡീ.സീ  വളരെ അധികം പ്രയത്നിച്ചിട്ടുണ്ട്.

എഴുത്തുകാരുടെ കൂട്ടായ്മയില്‍ പുസ്തക പ്രസാധനം തുടങ്ങിയ ലോകത്തിലെ തന്നെ ആദ്യ സംരംഭം ആയ 'സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം' ത്തിന്റെ തുടക്കകാരില്‍ ഒരാള്‍ ഡീ.സീ  ആയിരുന്നു.


ജനപ്രതിനിധികള്‍ പാര്‍ലമെന്‍റില്‍ ‍ ഐക്യകണ്ഠമായി തങ്ങളുടെ ശമ്പള/ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ബില്‍ പാസ്സാക്കുന്ന പോലെ എഴുത്തുകാര്‍ ഭീമമായ റോയല്‍റ്റി സ്വയം നിശ്ചയിച്ചത് സംഘത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിച്ചു എന്ന് ഡീ.സീ  പല ലേഖനങ്ങളിലും പറഞ്ഞിട്ടുണ്ട്.

കോട്ടയം പബ്ലിക്‌ ലൈബ്രറി ധന ശേഖരണത്തിന് ഡീ.സീ  നടത്തിയ ലോട്ടറി യുടെ വിജയമാണ് പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി തുടങ്ങാന്‍ പ്രചോദനമായത്.

ഒരു സസ്സ്യഭുക്ക് ആയിരുന്ന ഡീ.സീ  ജീവിതത്തില്‍ പല നിഷ്ഠകളും വച്ച് പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. അവയില്‍ വളരെ അനുകരണീയമായി എനിക്ക് തോന്നിയത് കൃത്യനിഷ്ഠ ആണ്. ഏത് ചടങ്ങിനും സമയത്തിന് എത്താതിരുന്നാല്‍, അത് ഒരു മിനിറ്റ് വൈകിയാല്‍ പോലും, വിഷമിച്ചിരുന്ന ഡീ.സീ. അതുപോലെ ഒരു മിനിറ്റോ രണ്ടു മിനിറ്റോ മാത്രം പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത്ര സമയം മാത്രം സമയം  പ്രസംഗിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.
1999 -ല്‍ അന്തരിക്കുവോളം അദ്ദേഹം കര്മ്മനിരതന്‍ ആയിരുന്നു.

എന്റെ വായന:

വായിച്ചു തീരുന്ന പുസ്തകങ്ങളെ പറ്റി രണ്ടു വരി എഴുതാന്‍ ഉള്ള ശ്രമം ആണ്.

എന്റെ വായന- ഒന്ന് കഥ ഇതുവരെ(സര്‍വീസ് സ്റ്റോറി) - ഡോ. ഡി. ബാബു പോള്‍.

എന്റെ വായന- രണ്ട് എട്ടാമത്തെ മോതിരം- ശ്രീ. കെ.എം. മാത്യു.

ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍ പറ്റിയ ചില സൈറ്റുകള്‍
http://www.dcbooks.com/
http://www.maebag.com/
http://www.puzha.com/

അണ്ണാറക്കണ്ണന്‍

അണ്ണാറക്കണ്ണന്‍ ചിലച്ചു കൊണ്ട്
അങ്ങോട്ടും ഇങ്ങോട്ടും ചാടിടുന്നു
അതുകണ്ട പൂവന്‍കോഴി കൂവി
'അറിയാതെ കൈവിട്ടു പോകരുതേ...'


ഒരു പതിനഞ്ച് വര്‍ഷമെങ്കിലും മുമ്പ് 'ബാലരമ' യിലോ 'പൂമ്പാറ്റ' യിലോ പ്രസിദ്ധീകരിച്ച്, കാശു ഉണ്ടാക്കാന്‍ വേണ്ടി എഴുതിയ ഒരു കുട്ടിക്കവിത. അന്ന് അച്ചടിമഷി പുരണ്ടില്ല.

ഒരു സ്വാശ്രയ കമ്പ്യൂട്ടര്‍ പഠനം.

തീപ്പൊരി

വാക്കെടുത്തുരച്ച് തീപ്പൊരി
നാക്കെടുത്തുരച്ച് തീപ്പൊരി
നോക്കെടുത്തുരച്ച് തീപ്പൊരി
കോലെടുത്തുരച്ച് തീപ്പൊരി


ഇതില്‍ ഏത് തീപ്പൊരി ആണ് ഏറ്റവും അപകടം എന്ന് വായനക്കാരാ, താങ്കള്‍ തീരുമാനിച്ചോള്ളു.

പാകിസ്ഥാനെ കാത്തുക്കൊള്ളണേ ദൈവമേ.

സ്ഫോടന പരമ്പരകളുമായി പാകിസ്താന്‍ വിറങ്ങലിക്കുമ്പോള്‍, അവിടത്തെ സാധാരണ ജനങ്ങളെ ഓര്‍ത്ത് ഈ ഒരു പ്രാര്‍ത്ഥനയെ മനസ്സില്‍ വരുന്നുള്ളൂ.

തങ്ങള്‍ വിതച്ചത് നൂറു മേനിയായി കുടുംബത്ത് കിട്ടുമ്പോള്‍ എങ്കിലും ഇവര്‍ ഒരു പാഠം പഠിക്കുമോ?

യുവരാജനും മൂത്രപ്പുരയും പിന്നെ കൊതുമ്പു വള്ളവും

ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നഗര മധ്യത്തിലെ ഒരു ട്രാഫിക്‌ പോസ്റ്റിനു മുകളില്‍ കെട്ടിയ ഏറുമാടത്തില്‍ യുവരാജന്റെ പള്ളിയുറക്കം.

ഏറുമാടത്തിലെ പരുപരുത്ത കിടക്ക വിട്ടു യുവരാജന്‍ എഴുന്നേറ്റു.
വല്ലാത്ത മൂത്ര ശങ്ക....
ഗോവണി വഴി താഴെ ഇറങ്ങി തൊട്ടടുത്ത പൊതു മൂത്രപ്പുരയില്ലേക്ക് ഓടി.

കാക്കി ഇട്ട ഭടന്മാരും, ഖദര്‍ ഇട്ട യുവഭടന്മാരും , ജീന്‍സ്‌ ഇട്ട പത്ര പടയും പുറകെ...
ഒരു രൂപ വരി കൊടുത്ത് യുവരാജന്‍ മൂക്ക് പൊതി കാര്യം സാധിച്ചു തിരിച്ചു വന്നു....

യുവ പടകള്‍ക്ക് രോമാഞ്ചം, ഉത്സാഹം
പായല് പിടിച്ചു വഴുകലുള്ള തറ ഉരച്ചു കഴുക്കുന്നു,കുമ്മായം കലക്കി ഭിത്തിയില്‍ പൂശുന്നു.

പത്ര പട തിരിഞ്ഞും മറിഞ്ഞും തല കുത്തി നിന്നും പടം പിടിക്കുന്നു.

യുവരാജന്‍ മുള്ളിയ മൂത്രപ്പുരയില്‍ മുള്ളാന്‍ ക്യൂ.
വരി ഒന്നില്‍ നിന്നും കൂടി നൂറായി.
എന്നിട്ടും ഒടുക്കത്തെ ക്യൂ. തൊട്ടടുത്ത ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് പോലും അതിഥികള്‍ ഇവിടെ വന്നു മൂത്രാന്‍ തുടങ്ങി.

ചാനലുകളില്‍ ലൈവ്. യുവകള്‍ എ,ബി,സീ ക്രമത്തില്‍ ഗ്രൂപ്പ്‌ യോഗം ചേര്‍ന്നു, ഒടുവില്‍ സംയുക്തമായി അമ്മ മഹാറാണി ക്ക് ഫാക്സ് അയക്കുന്നു. മുതു മുതു മുത്തച്ഛന്‍ രാജാവിന്റെ പേരില്‍ ഉള്ള 'ഗ്രാമീണ മൂത്രപ്പുര ഉദ്ധാരണ ഫണ്ട്‌' -ല്‍ നിന്നും തുക അനുവദിക്കുന്നു.

കാര്യങ്ങള്‍ മണത്തറിഞ്ഞ യു.കെ.ജി സെന്ററില്‍, മുണ്ടിന്റെ കോന്തല ഉയര്‍ത്തി ചുവപ്പന്മാര്‍ തെക്കുവടക്ക് നടന്ന് ആലോചന തുടങ്ങി.
പഞ്ചായത്തില്‍ ചുവപ്പ് ഭരണം.
'വിളിക്കെടാ പ്രസിഡന്റിനെ.'
ഫോണ്‍ കറക്കി, 'വരട്ടു വാദം പറഞ്ഞു മൂത്രപ്പുര പൂട്ടിക്കെടോ, അത് വല്ല പഞ്ച നക്ഷത്ര മൂത്രപ്പുരയും ആക്കി മുതു മുതു മുത്തച്ഛന്‍ രാജാവിന്റെ പേരും അവന്മാര്‍ ഇടും'

പ്രസിഡന്റും പരിസ്ഥിതി, മലിനീകരണ പരിവാരങ്ങളും മൂത്രപുരയ്ക്ക് അകവും പുറവും പരിശോധന തുടങ്ങി.

'കിട്ടിപോയി..'

ആളുകള്‍ ക്യൂ നിന്ന് മൂത്രാന്‍ തുടങ്ങിയപ്പോള്‍ ടാങ്ക് കവിഞ്ഞ് മൂത്രം തൊട്ടടുത്ത തോട്ടിലൂടെ പുഴയിലേക്ക്.

പരിസ്ഥിതി പ്രശ്നം, മലിനീകരണം, ചൊറിച്ചില്‍.

പൂട്ടെടാ ഈ മൂത്രപ്പുര.

മൂത്രപ്പുര പൂട്ടി.

കുറെ യുവകള്‍ അതിനു മുമ്പില്‍ സ്റ്റേജ് കെട്ടി റിലേ സത്യാഗ്രഹവും തുടങ്ങി.


യുവരാജന്‍ അപ്പോഴേക്കും അടുത്ത സമ്പര്‍ക്ക പരിപാടിയുമായി മുക്കുവരുടെ ഇടയിലേക്ക്.
അവിടെ ചെന്ന് കൊതുമ്പു വള്ളത്തില്‍ കടലില്‍ പോകാന്‍ മോഹം.

നേവി ഹെലികോപ്റ്റര്‍ അഞ്ചെണ്ണം മുകളില്‍ വട്ടമിട്ടു പറക്കുന്നു. രണ്ടു അന്തര്‍വാഹിനി കടലിനടിയില്‍ കറക്കം തുടങ്ങി. ഇരുനൂറു നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ എല്ലാ കപ്പലുകളും വഴിതിരിച്ചു വിട്ടു.
സ്പീഡ് ബോട്ടുകള്‍ വേറെ പുറകെ. പത്ര പടയും സ്പീഡ് ബോട്ടില്‍. യുവരാജന്റെ കൊതുമ്പു വള്ള മീന്‍പിടിത്തം ചാനലുകളില്‍ ലൈവ്. ഒരു മൂന്നു മീന്‍ പിടിച്ചു യുവരാജന്‍ മടങ്ങി.

ആഹാ... ഇത് പോരെ ? നിര്ത്തുന്നു.

മില്യണ്‍ ഡോളര്‍ സിനിമ.

'മില്യണ്‍ ഡോളര്‍ ബേബി', ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത്‌ 2004 പുറത്തിറങ്ങിയ ഈ ചിത്രം ഈയിടെ ആണ് ടിവിയില്‍ കാണാന്‍ കഴിഞ്ഞത്.

മറ്റു പല സിനിമകളുടെയും കഥ പോലെ, പല കടമ്പകളും കടന്നു നേട്ടം ഉണ്ടാക്കുന്ന (ഇവിടെ ബോക്സിംഗ് ചാമ്പ്യന്‍) ഒരു കഥാപാത്രം ആവും ഹില്ലാരി സ്വാങ്ക്(Hillary swank) അവതരിപ്പിക്കുന്നത് എന്ന മുന്‍ധാരണ അമ്പേ പൊളിച്ചെഴുതി, എന്നും അവശേഷിപ്പിക്കുന്ന ഒരു നൊമ്പരമായി സിനിമ അവസാനിക്കുന്നു.

മുമ്പ് പല സിനിമയിലെയും (The Shawshank Redemption, ... ) പോലെ മോര്‍ഗന്‍ ഫ്രീമാന്റെ ശബ്ദത്തില്‍ കഥാ മുമ്പോട്ട്‌ പോകുമ്പോള്‍ നമ്മുടെ തിലകന്റെ ശബ്ദം ആണ് എനിക്ക് ഓര്‍മ്മ വന്നത്.
ക്ലിന്റ് ഈസ്റ്റ്വുഡ്ഡും, മോര്‍ഗന്‍ ഫ്രീമാനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തമ്മില്‍ ഉള്ള പല രംഗങ്ങളും തമാശ നിറഞ്ഞതാണ്‌. അതുപോലെ ഈസ്റ്റ്‌വുഡ് പള്ളിയിലെ പുരോഹിതനോട് നിഷ്ക്കളങ്കമായി ചോദിക്കുന്ന സംശയങ്ങളും ചിരി ഉണര്‍ത്തുന്ന രംഗങ്ങള്‍ ആണ്.

ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത 'Blood Work (2002)' കുറെ നാള്‍ മുമ്പ് കണ്ടപ്പോള്‍ പഴയ കൌബോയ്‌ നായകന്‍ വയസുകാലത്ത് സംവിധാനം ചെയ്ത ഒരു സിനിമ എന്നേ തോന്നിയുള്ളൂ. ഹൃദയം മാറ്റി വച്ച ഒരു പ്രായമുള്ള കഥാപാത്രം ആയിട്ടാണ് അദ്ദേഹം അതില്‍ അഭിനയിച്ചത്.

പക്ഷെ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വായിച്ചപ്പോള്‍ ഇന്നും ഊര്‍ജസ്വലനായി, എഴുപത്തിയൊമ്പതാം വയസ്സിലും സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്നത് അത്ഭുതപ്പെടുത്തി.

74 വയസ്സ് ഉള്ളപ്പോള്‍ ആണ് അദ്ദേഹം 'million dollar baby' സംവിധാനം ചെയ്ത് ഓസ്കാര്‍ നേടിയത്. അതിനു മുമ്പേ 'unforgiven (1992)' എന്ന സിനിമയിലൂടെയും അദ്ദേഹം സംവിധായകനുള്ള ഓസ്കാര്‍ നേടിയിരുന്നു.

അഞ്ചു വര്‍ഷം മുമ്പ് ഇറങ്ങിയ ഈ ചിത്രത്തെ കുറിച്ച് ഒരു ചെറിയ കുറിപ്പേ ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിച്ചുള്ളൂ.

എട്ടാമത്തെ മോതിരം- ശ്രീ. കെ.എം. മാത്യു.

എന്റെ വായന- രണ്ട്‌
മലയാള മനോരമയുടെ മുഖ്യ പത്രാധിപര്‍, അടുപ്പം ഉള്ളവര്‍ 'മാത്തുക്കുട്ടിച്ചായന്‍' എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന, ശ്രീ. കെ.എം. മാത്യുവിന്റെ ആത്മകഥ ആണ് 2008-ല്‍ പ്രസിദ്ധീകരിച്ച 'എട്ടാമത്തെ മോതിരം'.

1973 -ല്‍ ആണ്, ഇപ്പോള്‍ തൊണ്ണൂറു വയസ്സ് പിന്നിട്ട, അദ്ദേഹം മനോരമയുടെ പത്രാധിപര്‍ ആയത്‌.
ഒരു ആത്മകഥ എന്ന് ഈ പുസ്തകത്തെ വിളിക്കാന്‍ പറ്റില്ല, ഇത് മലയാള മനോരമ പത്രത്തിന്റെയും മനോരമ കുടുംബത്തിന്റെയും കഥയാണ്‌,ഒപ്പം കേരള ചരിത്രത്തിലെ ചില രാഷ്ട്രീയ സംഭവങ്ങളും.

ഇതില്‍ ഒരു നായകന്‍ ഉണ്ടെങ്കില്‍ അത് കെ.എം മാത്യുവിന്റെ ജേഷ്ഠന്‍ ശ്രീ. കെ.എം ചെറിയാന്‍ ആണ്.
പക്ഷെ തീര്‍ച്ചയായും ഒരു വില്ലന്‍ ഉണ്ട്, അത് സാക്ഷാല്‍ സി.പി രാമസ്വാമി അയ്യര്‍ ആണ്.

വേമ്പനാട് കായലില്‍ ചേരുന്നതിന് മുമ്പ് പമ്പ ആറ് പിളര്‍ന്നു രൂപപ്പെട്ട 'കുപ്പപ്പുറം' എന്ന വിളിക്കുന്ന വെള്ളത്താല്‍ ചുറ്റപ്പെട്ട തുരുത്തിലെ ബാല്യകാല ജീവിതത്തിന്റെ ഓര്‍മകളുമായി വായന തുടങ്ങാം. ഇന്നും അദ്ദേഹത്തിന്റെ ഓര്‍മയില്‍ കുളിരായി അവശേഷിക്കുന്ന കുപ്പപ്പുറത്തിന്റെ ഓര്‍മ്മകള്‍ വായനക്കാരും മറക്കില്ല.

സി.പി രാമസ്വാമി അയ്യര്‍ തിരുവതാംകൂറില്‍ ദിവാനായി നടത്തിയ സ്വേച്ചാധിപത്യ ഭരണത്തിന് എതിരായി മനോരമ പത്രം പ്രവര്‍ത്തിച്ചപ്പോള്‍ പത്രത്തെ ഇല്ലാതാക്കാന്‍ സി.പി തീരുമാനം എടുത്തു, ഒടുവില്‍ 1938-ല്‍ പൂട്ടി മുദ്ര വയ്ക്കുന്നു. ഇതാണ് പൊതുജനങ്ങള്‍ക്കു അറിവുള്ള കാര്യം ആണ്.

പക്ഷെ പത്രം പൂട്ടുന്നതിനും മുമ്പ് ഉണ്ടായിട്ടുള്ള ചില സംഭവങ്ങളും ശ്രദ്ധിക്കപ്പെടെണ്ടത് തന്നെ ആണ്.

മനോരമ കുടുംബം നടത്തിയ പല സംരംഭങ്ങളില്‍ ഒന്ന് മാത്രം ആയിരുന്നു 'മലയാള മനോരമ' പത്രം . ബാങ്ക്, ഇന്‍ഷുറന്‍സ്,ബലൂണ്‍ നിര്‍മ്മാണം, കാപ്പി/റബര്‍ തോട്ടങ്ങള്‍, ഖനനം തുടങ്ങി പല വിധമായ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, പലതും നഷ്ട്ടത്തില്‍ കലാശിക്കുകയും ചെയ്തു.

മനോരമ കുടുംബത്തിന്റെ 'തിരുവതാംകൂര്‍ നാഷനല്‍ ബാങ്ക്' 'ക്വയിലോണ്‍ ബാങ്ക്' -മായി സംയോജിച്ച് 'നാഷനല്‍ ആന്‍ഡ്‌ ക്വയിലോണ്‍ ബാങ്ക്' ആയി തീരുന്നു. അതിനു മുമ്പ് തന്നെ രണ്ട്‌ ബാങ്കുകളും ചേര്‍ന്ന് 'ന്യു ഗാര്‍ഡിയന്‍ ഓഫ് ഇന്ത്യ' എന്നൊരു ഇന്‍ഷുറന്‍സ് കമ്പനിയും സ്ഥാപിച്ചു നല്ല നിലയില്‍ മുമ്പോടു പോകുന്നു.

സി.പി യുടെ വാശി ആദ്യം ഈ ബാങ്കും ഇന്‍ഷുറന്‍സ് കമ്പനിയും തകര്‍ക്കുന്നതില്‍ ആയിരുന്നു.
സി.പി യുടെ ബുദ്ധിയില്‍ ഉരുത്തിരിഞ്ഞ പല വിധമായ രീതിയിലും ബാങ്കിന് എതിരെ കിംവദന്തി പരക്കുന്നു. നിക്ഷേപകര്‍ പണം പിന്‍‌വലിക്കുന്നു.. ഒടുവില്‍ ബാങ്ക് പൂട്ടുന്നു. കുടുംബം സാമ്പത്തികമായി തകരുന്നു. ബാങ്കിന്റെ തലവന്‍ ശ്രീ.കെ.സി മാമ്മന്‍ മാപ്പിളയും മറ്റും അറസ്റ്റില്‍ ആവുന്നു. അതിനു മുമ്പ് തന്നെ 'നെയ്യാറ്റിന്‍കര സംഭവത്തെ' പറ്റി ഉള്ള വാര്‍ത്തയുടെ പേരില്‍ പത്രവും സി.പി പൂട്ടിക്കുന്നു.

ബാങ്കിന്‍റെ പണം കുടുംബത്തിലെ മറ്റു വ്യവസായങ്ങളില്‍ മുടക്കി നിഷേപകരുടെ പണം നഷ്ട്ടപെടുത്തി എന്നായിരുന്നു കെ.സി. മാമ്മന്‍ മാപ്പിളയുടെ പേരില്‍ ഉണ്ടായ കേസ്.

ഇതെല്ലം മനോരമ പത്രം പൂട്ടിക്കാന്‍ വേണ്ടി സി.പി പ്ലാന്‍ ചെയ്ത തിരക്കഥ ആയിരുന്നു എന്ന ശ്രീ.കെ.എം. മാത്യുവിന്റെ ആരോപണത്തില്‍ അല്‍പ്പം കല്ലുകടി തോന്നി എന്ന് പറയേണ്ടി വരും.
ബാങ്കും, ഇന്‍ഷുറന്‍സ് കമ്പനിയും പൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ഇന്നവ രണ്ടും ലോകോത്തര നിലവാരമുള്ള സ്ഥാ‍പനങ്ങള്‍ ആകുമായിരുന്നു എന്നും ഗ്രന്ഥകാരന്‍ പറയുന്നു.

സി.പി ദുര്‍ഭരണം നടത്തി എങ്കിലും കേരളത്തില്‍ പല പുതിയ വ്യവസായങ്ങളും ആരംഭിച്ചു എന്നാണ് പൊതുവേ പറയപ്പെടുന്നത്‌. പക്ഷെ അവയൊക്കെ കോയമ്പത്തൂരും മറ്റുമുള്ള സി.പി യുടെ വ്യവസായ സുഹൃത്തുക്കളെ സഹായിക്കാന്‍ വേണ്ടി ആയിരുന്നു എന്ന് ശ്രീ.കെ.എം. മാത്യു വിലയിരുത്തുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം മലയാള മനോരമ പത്രം പുനരാരംഭിക്കുന്നു, 1954 -ല്‍ ശ്രീ.കെ.സി മാമ്മന്‍ മാപ്പിള ദിവംഗതനായി ശ്രീ.കെ.എം ചെറിയാന്‍ പത്രാധിപര്‍ ആകുന്നു. പല വിധമായ ബുദ്ധിമുട്ടുകളെ തരം ചെയ്തു മനോരമ പത്രം വളരുന്നു.

ഓര്‍ത്ത്‌ഡോക്സ്-യാക്കോബായ വിഭാഗങ്ങളുടെ തര്‍ക്കം, രാഷ്ട്രീയ പാര്‍ട്ടികളോടുള്ള നിലപാടുകള്‍, പല പ്രഗല്‍ഭ പത്ര പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും മനോരമയുമായുള്ള ബന്ധം, മനോരമയുടെ ആധുനികവല്ക്കരണം ,പ്രൊഫഷണല്‍ സമീപനം ഒക്കെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന മനോരമ കുടുംബത്തിലെ അംഗങ്ങളുടെ സമാനമായ പേരുകള്‍ ചിലപ്പോള്‍ ആശയകുഴപ്പം ഉണ്ടാക്കും, പുസ്തകത്തോടൊപ്പം ചേര്‍ത്തിട്ടുള്ള വംശവൃക്ഷം പലപ്പോഴും സഹായകം ആകും.

ശ്രീ.കെ.എം മാത്യവിന്റെ പിതാവ്‌ ഭാര്യ മരിച്ചപ്പോള്‍ അവരുടെ ആഭരണങ്ങള്‍ എല്ലാം എടുത്തു ഉരുക്കി തന്റെ ഒന്‍പതു മക്കള്‍ക്കും ഓരോ മോതിരം പണിയിച്ചു നല്‍കി. എട്ടാമത്തെ മകനായിരുന്നു ശ്രീ. കെ.എം മാത്യു, അങ്ങനെ പുസ്തകത്തിന് 'എട്ടാമത്തെ മോതിരം' എന്ന പേരിട്ടു.

എന്റെ വായന:
വായിച്ചു തീരുന്ന പുസ്തകങ്ങളെ പറ്റി രണ്ടു വരി എഴുതാന്‍ ഉള്ള ശ്രമം ആണ്.

എന്റെ വായന- ഒന്ന് കഥ ഇതുവരെ(സര്‍വീസ് സ്റ്റോറി) - ഡോ. ഡി. ബാബു പോള്‍.

മിശിഹാരാത്രി = ശിവരാത്രി?

അടുത്തിടെ ഇമെയില്‍ വഴി ലഭിച്ച ഒരു വാര്‍ത്ത‍.ഏതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതാണോ എന്നുറപ്പില്ല. അതുകൊണ്ട് തന്നെ ചിലപ്പോള്‍ ആരെങ്കിലും തട്ടികൂട്ടി ഫോര്‍വേഡ് ചെയ്തു തുടങ്ങിയതാവാനും സാധ്യത ഉണ്ട്.

എന്തൊക്കെ ആയാലും വിഷലിപ്തമായ ചില വസ്തുതകള്‍ ഇതില്‍ കാണാനുണ്ട്.
ഞാന്‍ അംഗം ആയിരിക്കുന്ന സിറിയന്‍ കത്തോലിക്കാ വിഭാഗത്തിലെ സഭാതലവന്‍ ആണ് ചിത്രത്തില്‍.

കേരളത്തിലെ ക്രിസ്ത്യാനികള്‍, പ്രത്യേകിച്ച് സിറിയന്‍ ആരാധനക്രമം പിന്തുടരുന്ന സഭകള്‍ പലപ്പോഴും ഹൈന്ദവം എന്ന് പറയപ്പെടാവുന്ന പല ആചാരങ്ങളും പിന്തുടരുന്നതായി തോന്നിയിട്ടുണ്ട്.പള്ളിയിലും, വിവാഹത്തിനും ഒക്കെ നിലവിളക്ക് ഉപയോഗിക്കുന്നത്( നിലവിളക്കിനു മുകളില്‍ കുരിശുണ്ടാവും എങ്കിലും) ഒരു ഉദാഹരണമായി പറയാന്‍ കഴിയും.


1. ദസറ ഉത്സവം 'ദസറ പെരുന്നാള്‍' ആയി.

2.എഴുത്തിനിരുത്തല്‍ 'എഴുത്ത് കൂദാശ' ആയി.

3. എന്റെ ഓര്‍മ്മയില്‍ കണ്ടിട്ടുള്ള എഴുത്തിനിരുത്തല്‍ 'ഹരിശ്രീ ഗണപതായെ നമഃ' എന്നും, ശേഷം 'ത്രീയേക ദൈവത്തിന് സ്തുതി' എന്നും മണലിലോ അരിയിലോ എഴുതുന്നതാണ്. ഇവിടെ മലരും വെളുത്തുള്ളിയും (ഇതെന്തിനാണെന്നു ഒട്ടുമേ മനസിലായില്ല) നിറഞ്ഞ തളികയില്‍ 'ഈശോ മറിയം' എന്ന് മാത്രം എഴുതുന്നു.

4. കുഞ്ഞാടുകള്‍ എന്നൊരു പ്രയോഗം പരിഹാസ്യമായി പോകുന്നു ഇവിടെ.

5.ലക്ഷ്മിയും സരസ്വതിയും ഒക്കെ മാറി നിന്ന് പകരം സഭയിലെ വിശുദ്ധന്മാരുടെ പടം വച്ച് കുരിശും കൊന്തയും മെഴുകുതിരിയും സാക്ഷി നിര്‍ത്തി എഴുതിക്കുന്നു.

6.ഇതില്‍ ഏറ്റവും രസകരമായതാണ് മിശിഹാ രാത്രി ലോപിച്ച് ശിവരാത്രി ആയെന്ന വാദം.പണ്ടൊരു പാസ്റ്റര്‍ K.A. എബ്രഹാം ത്രിവര്‍ണ പതാകയെ പുതിയൊരു വ്യാഖ്യാനം കൊടുത്തത് നമ്മളൊക്കെ കണ്ടതാണ്. ഇതും ഒരു തമാശ.

സഭ ഔദ്യോഗികമായി ഇങ്ങനെ ഒരു നിലപാട് എടുക്കും എന്ന് എനിക്ക് ഒരിക്കലും തോനുന്നില്ല.
പക്ഷെ പരസ്പര ഐക്യത്തില്‍ കേരളത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ പരത്താന്‍ വിഷലിപ്തമായ ഇത്തരം വാദഗതികള്‍ മുമ്പോട്ട്‌ വരുന്നത് നന്നല്ല.


Edit:ഇതാരോ തട്ടിക്കൂട്ടിയത് തന്നെ. സെബിന്റെ വിശദമായ പോസ്റ്റ്‌.
മിശിഹാരാത്രിയോ മഹാശിവരാത്രിയോ?

കഥ ഇതുവരെ - ഡോ. ഡി. ബാബു പോള്‍.

എന്റെ വായന- ഒന്ന് 
കഥ ഇതുവരെ(സര്‍വീസ് സ്റ്റോറി) - ഡോ. ഡി. ബാബു പോള്‍.

കര്‍മ്മ കുശലത ഉള്ള ഒരു ഉദ്യോഗസ്ഥന്‍,എഴുത്തുക്കാരന്‍, വാഗ്മി, ദൈവ ശാസ്ത്ര പണ്ഡിതന്‍ എന്നിങ്ങനെ ഒരു ബഹുമുഖ പ്രതിഭ ആണ് അദ്ദേഹം.

1964 -ല്‍ എഴാം റാങ്കോടെ ഐ.എ.എസ് നേടിയ ശ്രീ. ഡാനിയേല് ബാബു പോള്‍ നാല്‍പതു വര്‍ഷങ്ങള്‍ കൊണ്ട് മുപ്പതില്‍ അധികം തസ്തികകളില്‍ ജോലി ചെയ്തു. ഹൈക്കോടതി ജഡ്ജിക്ക് തുല്യമായ ഓംബുഡ്സ്മാന്‍ ആയി വിരമിക്കുന്നതിനു മുമ്പ് ചീഫ്‌ സെക്രട്ടറി ഗ്രേഡില്‍ ആറ് വര്‍ഷത്തോളം അദ്ദേഹം ജോലി ചെയ്തു.

ഈ കാലയളവില്‍ അദ്ദേഹം വഹിച്ച ചില പദവികളെ പറ്റിയും അതിനോട് ചേര്‍ന്ന് ഉണ്ടായിട്ടുള്ള ഭരണ-രാഷ്ട്രീയ സംഭവങ്ങളെയും ഒക്കെ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

കേരളത്തിന്റെ വികസനത്തിന്‌ കാരണമായ പല പദ്ധതികള്‍ക്കും പിന്നില്‍ ശ്രീ. ബാബു പോളിന്റെ ബുദ്ധിയും കരങ്ങളും ഉണ്ട്. പല പദ്ധതികളും സര്‍ക്കാരിന്റെയോ രാഷ്ട്രീയ പാര്ട്ടികളുടെയോ ഒക്കെ നേട്ടമായി അറിയപ്പെടുമ്പോള്‍ അതിനു പിമ്പിലുള്ള ഉദ്യോഗസ്ഥരുടെ പ്രയത്നങ്ങള്‍ പൊതുജനം അറിയാതെ പോവുന്നത് സാധാരണ കാര്യമാണ്.

ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ വിജയത്തിന് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ , ഇടുക്കി ജില്ലയുടെ ആദ്യത്തെ കളക്ടര്‍ തുടങ്ങിയ പദവികളില്‍ ബാബു പോള്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ ഒരു പ്രധാന കാരണമായിരുന്നു.

വിവിധ വകുപ്പുകളുടെ ഏകീകരണമില്ലായ്മ , തൊഴില്‍ തര്‍ക്കങ്ങള്‍, കുടി ഒഴിപ്പിക്കല്‍ പ്രശ്നങ്ങള്‍ തുടങ്ങി പല വിധമായ കാരണങ്ങള്‍ കൊണ്ട് മുടന്തി നീങ്ങിയ ഇടുക്കി പദ്ധതിയുടെ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ആയി എത്തിയതു മുതലുള്ള അനുഭവങ്ങള്‍ കൂടുതല്‍ 1975- ഇല്‍ പ്രസിദ്ധീകരിച്ച 'ഗിരിപര്‍വ്വം' എന്ന പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു.

ഇപ്പോള്‍ നിര്‍മ്മാണം തുടങ്ങിയിട്ടുള്ള വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതി 1985-ഇല്‍ ശ്രീ. ബാബു പോള്‍ മനസ്സില്‍ കണ്ടു റിപ്പോര്‍ട്ട്‌ തയാറാക്കി കേന്ദ്രത്തിനു അയച്ചതാണ്.അതിപ്പോള്‍ മാത്രം തുടങ്ങിയത് നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന ഇരുപതു നട്ടെല്ലുകളുടെ എണ്ണമോ,ബലമോ കുറഞ്ഞത് കൊണ്ടാവും.

ബാബു പോള്‍ ടൂറിസം സെക്രട്ടറി ആയിരുന്നപ്പോള്‍ ആണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പരസ്യ വാചകം പ്രചാരത്തിലായത്. ടൂറിസം വികസനത്തിനുള്ള പല നടപടികളും അദേഹം മുന്‍കൈ എടുത്തു നടപ്പിലാക്കിയിട്ടുണ്ട്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം എം.ഡി. ആയതിനു ശേഷം ഒരു കോടിയില്‍ അധികം ഡിവിഡന്‍ഡ് വ്യവസായ വകുപ്പിന് കൈമാറാന്‍ കഴിഞ്ഞതും അഭിനന്ദനം അര്‍ഹിക്കുന്നു.

താന്‍ പ്രവര്‍ത്തിച്ച വകുപ്പിലെ മന്ത്രിമാരെയും, മന്ത്രിയുടെ സില്‍ബന്ധികളെയും, മുഖ്യമന്ത്രിമാരെയും ഒക്കെ അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്.
അതുപോലെ തന്നെ പൊതുജനം പലപ്പോഴും അറിയാന്‍ ഇടയില്ലാത്ത ഭരണത്തിന്റെ ഇടനാഴികളിലെ ഉപജാപങ്ങളുടെയും, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ ഉള്ള പരസ്പര പാര വയ്പ്പുകളുടെയും ഒക്കെ കഥ ഈ പുസ്തകത്തില്‍ വായിക്കാം.

ഇംഗ്ലീഷില്‍ ഉള്ള ചില നെടു നീളന്‍ സംഭാഷണങ്ങള്‍ മലയാളത്തിനു പകരം ഇംഗ്ലീഷില്‍ തന്നെ അച്ചടിച്ചാല്‍ നന്നായിരുന്നു.
രസകരമായി വായിച്ചു പോകാവുന്ന ഒരു പുസ്തകം.
അദ്ദേഹവുമായി മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' യില്‍ വന്ന അഭിമുഖം ഇവിടെ കാണാം.
(ആദ്യ ഭാഗം)

എന്റെ വായന:-പഠനത്തിന്‌ ശേഷം ജോലി തേടി നാട് വിട്ടപ്പോള്‍ പുസ്തകം വായിക്കുന്ന ശീലം കുറഞ്ഞു. ഇപ്പോള്‍ നാട്ടില്‍ അവധിക്കു പോകുമ്പൊള്‍ ഒരു പത്തു പുസ്തകം എങ്കിലും വാങ്ങി കൊണ്ട് വരാറുണ്ട്.കുറേശ്ശെ ആയി വായിച്ചു തീര്‍ക്കുന്നുണ്ട്.


ഞാന്‍ ഒരു അതിഭയങ്കര ഗൌരവമായ വായനക്കാരന്‍ ആണെന്ന് തെറ്റിദ്ധരിക്കല്ലേ.സാര്‍ത്ര്, കമു, നെരൂദ തുടങ്ങി സാധാരണ പറഞ്ഞു കേള്‍ക്കുന്ന ബുദ്ധിജീവി (?) എഴുത്തുകാരെ ഒന്നും ഞാന്‍ വായിച്ചിട്ടില്ല. ആനന്ദിന്റെ ഒക്കെ പുസ്തകം പണ്ട് വായിച്ചു മനസിലാക്കാന്‍ സാധിക്കാതെ തിരിച്ചു കൊടുത്തിട്ടുണ്ട്‌. കൂടുതലും ആത്മകഥകളും ഓര്‍മ്മ കുറിപ്പുകളും ഒക്കെ ആണ് ഇപ്പോള്‍ വായിക്കുന്നത്ത്. വായിച്ചു തീര്‍ക്കുന്ന പുസ്തകങ്ങളെ പറ്റി ഇനിയും പോസ്റ്റുകള്‍ ഉണ്ടാവും. :)
 
മുമ്പ് വായിച്ച പുസ്തകങ്ങളെ പറ്റിയും ചില പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.


എന്‍.എന്‍. പിള്ള യുടെ ആത്മകഥ 'ഞാന്‍' (അഞ്ഞൂറാനു മുമ്പ് എന്‍ . എന്‍ . പിള്ള. )

തോപ്പില്‍ ഭാസിയുടെ ഓര്‍മ്മക്കുറിപ്പുകള്‍‍ 'ഒളിവിലെ ഓര്‍മ്മകള്‍ക്ക് ശേഷം' (കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് നേതാവ് കൊമ്പനാന അല്ല.)

ചെങ്ങറ സമരം തീര്‍ന്നതായി റിപ്പോര്‍ട്ട്‌.

രണ്ടു വര്‍ഷത്തില്‍ അധികമായി നീണ്ട ചെങ്ങറ സമരം അവസാനിച്ചു.


മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, സമര സമിതി നേതാക്കളും ഒക്കെ ചേര്‍ന്നു നടത്തിയ ചര്‍ച്ചക്ക് ശേഷം ആണ് തീരുമാനം.

ഒരു മേശക്കു ചുറ്റും നേതാക്കള്‍ ഒരു മണിക്കൂര്‍ ഇരുന്നു സംസാരിച്ചാല്‍ തീരാവുന്ന ഒരു പ്രശ്നം രണ്ടു വര്‍ഷത്തില്‍ ഏറെ ഇങ്ങനെ വലിച്ചു നീട്ടി ഭരണ പക്ഷവും പ്രതിപക്ഷവും സമരക്കാരും ഒക്കെ ചേര്‍ന്ന് പരസ്പരം ചെളി വാരി എറിഞ്ഞു മുതലെടുപ്പ് നടത്തിയത് എന്തിനു വേണ്ടി ആയിരുന്നു.



ദേശാഭിമാനിയില്‍ പലപ്പോഴായി സമര നേതാക്കളെ പറ്റി പല വിധ ആക്ഷേപങ്ങളും വായിക്കാന്‍ ഇടയായി. വീടും സ്ഥലവും ഉള്ളവര്‍ ആണ് അവിടെ സമരം ചെയ്യുന്നതെന്നും, നേതാക്കള്‍ ഒക്കെ സമ്പന്നര്‍ ആണെന്നും ഒക്കെ ആയിരുന്നു വാര്‍ത്തകള്‍. അതുപോലെ ഇടതുപക്ഷം അവിടെ ഉപരോധം തീര്തതായും കേട്ടിരുന്നു.



ദളിതരുടെയും , ആദിവാസികളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇടതു ഭരണം പിന്നിലാണെന്ന് ഈയിടെ ഇടതു മുന്നണിയിലെ ആര്‍.എസ്.പി (R.S.P) നേതാവ് ചന്ദ്രചൂഡന്‍ പറഞ്ഞിരുന്നു.



ഇപ്പോള്‍ വായിച്ച വാര്‍ത്ത‍: സീ.പീ.എം. ന്റെ ഭീക്ഷണി ഭയന്നാണ് സമരത്തില്‍ നിന്നും പിന്മാറിയതെന്ന് സമര സമിതി നേതാവ് ളാഹ ഗോപാലന്‍ പറയുന്നു.





ഇങ്ങനെ ഒരു സമരം രണ്ടു വര്‍ഷത്തോളം നീണ്ടു നിന്നതിന്റെ ഉത്തരവാദികള്‍ ആരാണ്. സീ.പീ.എം. ന്റെ ഭീക്ഷണി ആണോ സമരം തീരാന്‍ കാരണം? പാവങ്ങളുടെ (?) ഈ ഗവര്‍മെന്റ്റ് സമരക്കാര്‍ക്ക് കൊടുത്തതായി പറയപ്പെടുന്നു വാക്ക് പാലിക്കുമോ?



കാത്തിരുന്ന് കാണാം....

കൈക്കൂലി- നവ സാദ്ധ്യതകള്‍

സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍,ചെക്ക്‌ പോസ്റ്റുകള്‍ തുടങ്ങി പലയിടത്തും നമ്മള്‍ കൈക്കൂലി കൊടുക്കേണ്ടി വരാറുണ്ട്. കൊടുത്ത പലരെയും വിജിലന്‍സ്‌ കയ്യോടെ പിടിക്കുന്നതും വാര്‍ത്തയില്‍ വരാറുണ്ട്.



പണ്ട് ട്രെയിനില്‍ ആര്‍.എ. സീ (R.A.C) ടിക്കറ്റിനു ബെര്‍ത്ത്‌ കിട്ടുമോ എന്നറിയാന്‍ ടി.ടി. യുടെ പുറകെ നടന്നു ചോദിക്കേണ്ടി വരുമായിരുന്നു. ഒടുവില്‍ ടി.ടി. ട്രെയിനിലെ ടോയിലെറ്റിന്റെ അടുത്തായി ഒഴിഞ്ഞ സ്ഥലത്ത് നമ്മളെ വിളിച്ചു കൊണ്ട് പോയി അമ്പത് രൂപ വാങ്ങി ബെര്‍ത്ത്‌ എഴുതി തരുമായിരുന്നു. താന്‍ ഭയങ്കര റിസ്ക്‌ എടുത്തിട്ടാണ് ഇങ്ങനെ എഴുതി തരുന്നതെന്ന് മേമ്പൊടിയായി പറയുകയും ചെയ്യും. രണ്ടോ മൂന്നോ തവണ ഇങ്ങനെ ഞാന്‍ കൈക്കൂലി കൊടുത്തിട്ടുണ്ട്‌.



അവസാന നിമിഷം ടിക്കറ്റ്‌ റദ്ദു ചെയ്യുമ്പോഴും, ബുക്ക്‌ ചെയ്തവര്‍ വരാതെ ഇരിക്കുമ്പോളും R.A.C ടിക്കറ്റ്‌ ഉള്ളവര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ ബെര്‍ത്ത്‌ കിട്ടും. അതെ പറ്റി അറിവില്ലാത്ത കാലത്താണ് നമുക്ക് അവകാശപ്പെട്ട ബെര്‍ത്തിനും കൈക്കൂലി കൊടുത്തത്. ഇന്നിപ്പോള്‍ ഇന്റര്‍നെറ്റ്‌, എസ്.എം.എസ് വഴിയും ഒക്കെ റിസര്‍വേഷന്‍ ലിസ്റ്റിലെ പുതിയ സ്ഥാനം നമ്മുടെ വിരല്‍ തുമ്പില്‍ എത്തുന്നത്‌ കൊണ്ട് കാശു കൊടുക്കേണ്ട സാധ്യത കുറഞ്ഞു.



കൈക്കൂലി വാങ്ങാന്‍ ഉള്ള സാദ്ധ്യതകള്‍ ഉണ്ടാക്കി എടുക്കാന്‍ നമ്മള്‍ മലയാളികള്‍ വളരെ മിടുക്കര്‍ ആണ് . യാതൊരു ലജ്ജയും കൂടാതെ കണക്കു പറഞ്ഞു കൈക്കൂലി ചോദിക്കാനും മടിയില്ല.



ആഗോള,ഉദാരവത്കരണം ഒക്കെ കൊണ്ട് കേരളത്തിലും സര്‍ക്കാര്‍ മേഖലയില്‍ അല്ലാതെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഒട്ടേറെ ജോലി സാദ്ധ്യതകള്‍ കിട്ടുന്നുണ്ട്‌. കൈക്കൂലി എങ്ങനൊക്കെ വാങ്ങാം എന്ന് അവരും ഗവേഷണം നടത്തി തുടങ്ങി, പല സാധ്യതകളും കണ്ട് പിടിക്കുന്നുണ്ട് എന്ന് ഈയിടെ മനസിലാക്കി.



കഴിഞ്ഞ ഓണത്തിന് നാട്ടില്‍ അവധിക്കു വന്നത് മുംബൈ വഴി ആയിരുന്നു. മുംബെയില്‍ നിന്നും spicejet -ന്റെ domestic service വഴി നെടുംമ്പാശ്ശേരിയിലേക്കും തിരിച്ചും ടിക്കറ്റ്‌ എടുത്തു. ഇന്റര്‍നാഷണല്‍ ഫ്ലൈറ്റില്‍ നമ്മള്‍ക്ക് അനുവദിച്ചിട്ടുള്ള ലഗ്ഗേജ് എത്ര ആയാലും അത് ഇരുപത്തിനാല് മണിക്കൂര് മുമ്പോ പിമ്പോ domestic ഫ്ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍, അധിക ചിലവില്ലാതെ കൊണ്ട് പോകാവുന്നതാണ്. അല്ലാത്ത പക്ഷം കിലോയ്ക്ക് നൂറു രൂപ അധികം കൊടുക്കേണ്ടി വരും.



ഓണം ഒക്കെ ആഘോഷിച്ച് തിരിച്ചു spicejet -ഇല്‍ മുംബൈ വഴി തിരിച്ചു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി.

ഗള്‍ഫ്‌ എയര്‍ ന്റെ frequent flier കാര്‍ഡ്‌ ഉള്ളതുകൊണ്ട് പത്തു കിലോ കൂടുതല്‍ കൊണ്ടുപോകാം അല്ലാത്ത പക്ഷം ഒരാള്‍ക്ക് ഇരുപതു കിലോ മാത്രമേ ഇക്കോണമി ക്ലാസ്സില്‍ കൊണ്ട് പോകാന്‍ പറ്റു.


എന്നോടൊപ്പം ഉള്ള രണ്ടു വയസുകാരന്‍ മകന്റെയും ടിക്കറ്റ്‌ കൂട്ടുമ്പോള്‍ രണ്ടു പേര്‍ക്കും കൂടി frequent flier ആനുകൂല്യം കൂടെ കൂട്ടി അറുപതു കിലോ വരെ കൊണ്ടുപോകാം.


വീട്ടില്‍ വച്ച് ലഗ്ഗേജ് തൂക്കിയത്‌ അമ്പതിന് മുകളില്‍ വന്നു.കയ്യില്‍ കൊണ്ട് പോകുന്ന ബാഗില്‍ ലാപ്റ്റോപ്പും മകന്റെ അത്യാവശ്യം സാധനങ്ങളും ചേര്‍ത്ത് അഞ്ചാറു കിലോ മാത്രം.

spicejet കൌണ്ടറില്‍ മറുനാടന്‍ എന്ന് തോന്നിച്ച ഒരു ചെറുപ്പക്കാരന്‍ ആണ് ബോര്‍ഡിംഗ് പാസ്‌ അടിച്ചു തരുന്നത്.അയാള്‍ മലയാളം ഒന്നും പറഞ്ഞു കേട്ടില്ല. ലഗ്ഗേജ് തൂക്കി വയ്ക്കുന്നത് മലയാളീ ചെറുപ്പക്കാരന്‍. സാധാരണ ഇത്തരം കൌണ്ടറുകളില്‍ ലഗ്ഗേജ് തൂക്കുമ്പോള്‍ നമുക്ക് നേരെ ഉള്ള ചെറിയ സ്ക്രീനില്‍ എത്ര കിലോ ആയി എന്നത് കാണാന്‍ സാധിക്കും. ആ സൗകര്യം ഇവിടെ കണ്ടില്ല. അതുകൊണ്ട് തന്നെ എത്രയായി എന്ന് ഞാന്‍ മലയാളീ ചെറുപ്പക്കാരനോട് ചോദിച്ചു. അയാള്‍ ഒന്നും മിണ്ടിയില്ല എങ്കിലും ഉടനെ കൌണ്ടറിന്റെ ഇടയ്ക്കു കൂടി എന്നെ കടന്നു പോയി, പതിയെ ചെവിയില്‍ മന്ത്രിച്ചു ' കൂടുതലാണ്'.


ഞാന്‍ കരുതി കൌണ്ടറില്‍ ഇരുന്ന മറുനാടന്‍ അറിയാതെ മറ്റൊരു മലയാളിക്ക് ചെയ്ത ഉപകാരം ആണല്ലോ ഇത് എന്ന്.


ബോര്‍ഡിംഗ് പാസ്സും വാങ്ങി പുറത്തേക്കു നടന്നപ്പോള്‍ ഈ ചെറുപ്പക്കാരന്‍ എന്റെ പുറകെ വന്നു. ഭയങ്കര റിസ്ക്‌ എടുത്തു, ആയിരത്തില്‍ കൂടുതല്‍ ഞാന്‍ കൊടുക്കേണ്ടി വന്നേനെ എന്നൊക്കെ പറഞ്ഞ് എന്നെ ആരും ഇല്ലാത്ത ഒരു മൂലയ്ക്ക് കൊണ്ട് പോയി.

എന്റെ കയ്യില്‍ പോലും പിടിക്കാതെ ഓടി നടക്കുന്ന മകനും പിന്നെ പുറത്തൊരു ബാഗും ഉണ്ട് എന്റെ കൂടെ. പണ്ടാരം, ശല്യം ഒഴിയട്ടെ എന്ന് കരുതി ഞാന്‍ ഒരു നൂറു രൂപ എടുത്തു കൊടുത്തു. ആയിരം രൂപയില്‍ അധികം ലാഭം ഉണ്ടാക്കി അതുകൊണ്ട് ഒരു മുന്നൂറു രൂപ എങ്കിലും പ്രതീക്ഷിച്ചു എന്ന് പറഞ്ഞു അയാള്‍ പോകാതെ നിന്നു. മുംബെയില്‍ നിന്നും gulf air -ല്‍ പോകുന്ന ഇന്റര്‍നാഷണല്‍ യാത്രക്കാരന്‍ ആണ് ഞാന്‍, frequent flier ഉള്ളത് കൊണ്ട് അറുപതു കിലോ വരെ കൊണ്ട് പോകാം എന്ന് പറഞ്ഞിട്ടും കൂടുതല്‍ പണം കിട്ടണം എന്ന മട്ടില്‍ അയാള്‍ നിന്നു.


ഒടുവില്‍ ഉള്ളത് വേണമെങ്കില്‍ കൊണ്ട് പോ എന്ന് പറഞ്ഞ്, അവിടെ ഓടി നടക്കുന്ന മകന്റെ അടുത്തേക്ക് ഞാന്‍ പോയി.


യാതൊരു കുഴപ്പവും കൂടാതെ അതേ ലഗ്ഗേജ് gulf air -ല്‍ പിറ്റേ ദിവസം മുംബെയില്‍ നിന്നും കൊണ്ട് പോവാനും കഴിഞ്ഞു.


വെറുതെ നൂറു രൂപ പോയി. ചെറുപ്പക്കാര്‍ സ്വകാര്യ മേഖലയിലും കൈക്കൂലി സാദ്ധ്യതകള്‍ ഉണ്ടാക്കി എടുക്കുന്നു എന്നും മനസ്സില്‍ ആയി.



കുറ്റങ്ങള്‍ മാത്രം അല്ലല്ലോ പറയേണ്ടത്.
ഓണത്തിന്റെ അവധിക്കു നാട്ടില്‍ വച്ച് നല്ല അനുഭവവും ഉണ്ടായിട്ടുണ്ട്.

ഇടി (മിന്നല്‍) കാരണം എന്റെ broadband modem കേടായി.
അതുകൊണ്ട് പത്തനംതിട്ടയിലെ ബി.എസ്.എന്‍.എല്‍ സബ്-ഡിവിഷന്‍  എഞ്ചിനീയര്‍ ഓഫീസില്‍ എത്തി.


സാധാരണ ഇമ്മാതിരി സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ നമ്മളെ ഏറ്റവും വിഷമിപ്പിക്കുക അവിടെ മേശക്കു പുറകില്‍ പ്രത്യേക തരം നിസ്സംഗഭാവത്തോടെ നമ്മെ കണ്ടിട്ടും കാണാത്ത മട്ടില്‍ ഇരിക്കുന്ന ജീവനക്കാര്‍ ആണ്. ആരോടാണ്  നമ്മുടെ ആവശ്യം പറഞ്ഞ് അത് സാധിക്കാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുക? പലപ്പോഴും അവിടെ കാണുന്ന ആരോടെങ്കിലും ഇടിച്ചു കയറി ചോദിക്കേണ്ടി വരും.
"ഉറങ്ങുന്നവരെ ഉണര്‍ത്താം, പക്ഷെ ഉറക്കം നടിക്കുന്നവരെ എങ്ങനെ ഉണര്‍ത്തും." എന്ന് പറയാറില്ലേ. അതിനു അര്‍ത്ഥം  ആര്‍ക്കെങ്കിലും മനസിലായില്ലെങ്കില്‍ അവരെ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ ഒന്ന് കൊണ്ടുപോവുക.


സബ്- ഡിവിഷന്‍ എഞ്ചിനീയര്‍ ഓഫീസിലും ഒന്നു രണ്ടു മേശക്കു പുറകില്‍ ഇതേ നിസ്സംഗ ഭാവത്തോടെ ആളിരുപ്പുണ്ട്. അവിടെ പക്ഷെ എഞ്ചിനീയര്‍ തന്നെ എന്ത് വേണം എന്ന് എന്നോട് ചോദിച്ചു, എന്റെ ആവശ്യം പറഞ്ഞപ്പോള്‍ രാവിലത്തെ തിരക്ക് ഒന്നു കഴിയട്ടെ പത്തു മിനിറ്റ് അവിടെ ഇരിക്കാന്‍ പറഞ്ഞു.

സമാധാനം ആയി അവിടെ ഇരുന്നു. അല്‍പ്പം കഴിഞ്ഞു ഒരല്‍പം പ്രായം ഉള്ള ഒരമ്മാവന്‍ അവിടെ എത്തി അയാളോടും എഞ്ചിനീയര്‍ തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി, അമ്മാവന്റെ വീണ്ടും വീണ്ടും ഉള്ള ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി പറഞ്ഞു വിട്ടു. കുറെ കഴിഞ്ഞു എന്നെയും വിളിച്ചു വെള്ള പേപ്പറില്‍ പുതിയ modem ആവശ്യപ്പെട്ടുള്ള അപേക്ഷ എഴുതി വാങ്ങി.


ഇങ്ങനെ നന്നായി പെരുമാറാനും അറിയാവുന്ന ഉദ്യോഗസ്ഥരും ഉണ്ട്.

ഗാന്ധിജിയെ വെറുതെ വിടുക.

ഇതാ ഒരു പുതിയ പദ്ധതിക്ക് കൂടി ഗാന്ധിജിയുടെ പേരിടാന്‍ പോകുന്നു.


'ഗാന്ധി' എന്നൊരു പേര് രാഷ്ട്രീയമായി ഏറ്റവും മുതലെടുപ്പ് നടത്തിയിട്ടുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം.





ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന് പ്രഖ്യാപിച്ച ആ മഹാന്റെ പേര് തന്നെ ആണ് ഇതിനു ഉചിതം എന്ന് വാദിക്കാം. എങ്കിലും എന്തിനും ഏതിനും ഗാന്ധിജിയുടെ, നെഹ്‌റു കുടുംബത്തിന്റെയും പേരിടുന്നത്‌ നിര്‍ത്തി രാഷ്ട്രീയത്തിന് അതീതമായി മറ്റു നേതാക്കളെയും സാമൂഹ്യ പ്രവര്‍ത്തകരെയും നാം ഓര്‍ക്കണം. ഇന്ത്യയില്‍ പത്തില്‍ അധികം പട്ടണങ്ങളില്‍ ഓരോ എം.ജി. റോഡ്‌ വീതം ഉണ്ട്. ഒരിക്കല്‍ മാത്രം എം.പി. ആയ സഞ്ജയ്‌ ഗാന്ധിയുടെയും (വാലില്‍ 'ഗാന്ധി' ഉള്ളത് കൊണ്ട് മാത്രം) പേരില്‍ പല പൊതുമുതലുകളും സംരംഭങ്ങളും ഉണ്ട്.

അറിയപ്പെടാത്ത എത്രയോ വ്യക്തികള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ കളഞ്ഞിട്ടുണ്ട്, അതൊക്കെ വിസ്മരിച്ചു 'ഗാന്ധി' എന്നൊരു പേരിനോട് അന്ധമായ വിധേയത്വം പുലര്‍ത്തരുത്.

ഗാന്ധിജിയുടെ  പേരിട്ടാല്‍ പിന്നെ മറ്റാരുടെ എങ്കിലും പേരിടാന്‍ ഉള്ള സമ്മര്‍ദം ഒഴിവാക്കാനുള്ള തന്ത്രപരമായ നിലപാടാണോ ഇത്.

നളിനിയും സബര്‍ജിതും പിന്നെ....

രാജീവ്‌ ഗാന്ധി വധക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനി തന്നെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു നിരാഹാരം ആരംഭിച്ചതായി വാര്‍ത്ത‍.

പാകിസ്ഥാന്‍ ജയിലുകളില്‍ കാലാവധി കഴിഞ്ഞിട്ടും വിട്ടയക്കാതെ കിടക്കുന്ന ഇന്ത്യന്‍ തടുവുകരെ കുറിച്ച് ഒരു വാര്‍ത്ത‍ വന്നിരുന്നു. ഒരു പോസ്റ്റും ഇട്ടിരുന്നു ( പാക്‌ ജയിലിലെ ഇന്ത്യന്‍ തടവുകാര്‍... ) പ്രത്യേകിച്ച് സബര്‍ജിത് സിംഗിന്റെ അവസ്ഥ വളരെ ദയനീയം ആണ്.



നളിനിയും മറ്റും ഈ അവസ്ഥയില്‍ ദയ അര്‍ഹിക്കുന്നു.

നടപടിക്രമങ്ങളിലെ നൂലാമാലകളില്‍ കുടുക്കി ഇങ്ങനെ തടവില്‍ ഇടുന്നത് നീതിയല്ല. മനുഷത്വം അല്ല.




ദയാഹര്‍ജികള്‍ വേഗത്തില്‍ തീര്‍പ്പാക്കണം.




രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്ക് വേണ്ടി ദയാ ഹര്‍ജികളില്‍ തീരുമാനം എടുക്കാതെ കണ്ണ് പൊത്തി കളിക്കുന്ന കേന്ദ്ര ഗവണ്മെന്റ് നിലപാടിന് എതിരെ കോടതിയുടെ ശുപാര്‍ശ.

നന്നായി.

പക്ഷെ ഈ ശുപാര്‍ശ യും കണ്ടില്ല എന്ന് നടിച്ചാല്‍ എന്ത് ചെയ്യും?

ഒരു സല്യൂട്ടിനു ഒരു അവാര്‍ഡ്‌...












പ്രതിപക്ഷ ആഘോഷം...

(പ്രതിപക്ഷത്തിന്റെ നിയമസഭ ഇറങ്ങി പോക്കിനെ പറ്റി നേരത്തെ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.
വീണ്ടും എഴുതാതിരിക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കുക.)

ഇന്നിതാ വീണ്ടും അതെ നാടകം ആവര്‍ത്തിക്കപ്പെടുന്നു, വിഷയം മാത്രം മാറുന്നു.
പ്രതിപക്ഷം അടിയന്തര പ്രമേയം അവതരണം ആവശ്യപെടുന്നു, മന്ത്രിയോ മറ്റു ആരെങ്കിലുമോ ഭരണ പക്ഷത്തു നിന്നും മറുപടി പറയുന്നു. സ്പീക്കര്‍ അടിയന്തര പ്രമേയം വേണ്ട എന്ന് വിധിക്കുന്നു. പ്രതിപക്ഷം മുണ്ടും മടക്കി കുത്തി ഇറങ്ങി പോകുന്നു.സമാധാനത്തോടെ ഇരിക്കുന്ന ഭരണപക്ഷം.സ്ഥിരം തിരക്കഥ.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഈ മാന്യ ദേഹങ്ങള്‍ക്ക് അല്‍പ്പം പോലും നാണം ഇല്ലേ, ഇമ്മാതിരി ഉത്തരവാദിത്വരഹിതമായി പ്രവര്‍ത്തിക്കാന്‍. ഇത്ര നാളും നിയമ സഭയിലെ ഉത്തരവാദിത്വതില് നിന്നും ഇറങ്ങി ഓടി ഇവര്‍ എന്താണ് നേടിയത്. ഒരു ക്രീയാത്മക പ്രതിപക്ഷം ആവുക എന്നാല്‍ നിയമസഭയില്‍ നിന്നും എന്നും ഇറങ്ങി പോക്ക് നടത്തുക, സര്‍ക്കാരിന്റെ എല്ലാ നടപടികളെയും എതിര്‍ത്ത് തെരുവില്‍ ഇറങ്ങി പൊതു മുതല്‍ നശിപ്പിക്കുക, ഇടയ്ക്കു ഹര്‍ത്താല്‍ നടത്തുക, ഇവയൊക്കെ ആണോ.

എങ്ങനെയും അടുത്ത തിരഞ്ഞെടുപ്പ് വരെ കാര്യങ്ങള്‍ ഇങ്ങനെ വെടക്കാക്കി,വെള്ളം കലക്കി മുന്നോട്ട് കൊണ്ട് പോവുക മാത്രമാണൊ ഇവരുടെ ഉത്തരവാദിത്വം.

രണ്ടു വര്ഷം കഴിഞ്ഞു തങ്ങള്‍ക്കു ഭരണം കിട്ടും എന്നാ ചിന്തയില്‍, ഭരണം കിട്ടുമ്പോള്‍ ഇടാന്‍ നല്ല ട്രൌസര്‍ ഒക്കെ തയ്പ്പിച്ചു കാത്തിരിക്കുക ആണ് വലത്ത് പ്രതിപക്ഷം. അപ്പോള്‍ പിന്നെ തുടങ്ങും ഇടതു പ്രതിപക്ഷത്തിന്റെ പരാക്രമങ്ങള്‍. അവര്‍ കൂടുതലും തെരുവില്‍ ആണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. പൊതുമുതല്‍ നശിപ്പിക്കുക, ആളുകളെ ഖരാവോ ചെയ്യുക, പോലീസിനെ അക്രമിക്കുക്ക തുടങ്ങി പല കലാ പരിപാടികളും കാണാന്‍ നമുക്ക് ഭാഗ്യം ഉണ്ടാവും.


നിയമസഭയില്‍ പ്രതിപക്ഷത്തെ മാത്രം കടിക്കുന്ന വല്ല മൂട്ടകളും ഉണ്ടോ? അതോ അധിക സമയം ഇരിക്കാന്‍ സാധിക്കാത്ത വിധം ഇവരുടെ ഒക്കെ ആസനത്തില്‍ കുരു ഉണ്ടോ?


ഇടത്തും വലതും അല്ലാത്ത ഒരു ഭരണത്തെ പറ്റി ജാതി മത സമവാക്യങ്ങള്‍ മാറ്റി വച്ച് കേരളീയര്‍ ചിന്തിച്ചു തുടങ്ങിയാല്‍ മാത്രമേ ഇവരുടെ 'ടോം ആന്‍ഡ്‌ ജെറി'(എലിയും പൂച്ചയും) കളി അവസാനിക്കു.

അഭയ കേസ്- നാര്‍ക്കോ ക്രൂരത

അഭയ കേസ് നാര്‍ക്കോ പരിശോധനയുടെ വീഡിയോ ദ്ര്യശ്യങ്ങള്‍ ചാനലുകളിലൂടെ കാണുവാന്‍ ഇടയായി.
പോള്‍ മുത്തൂറ്റ്‌ വധവുമായി ബന്ധപ്പെട്ട് ഗുണ്ടകളുടെയും രാഷ്ട്രീയക്കാരുടെയും ബന്ധങ്ങളും ഒക്കെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ മാധ്യമ ശ്രദ്ധയെ മാറ്റാന്‍ ആരോ മനപ്പൂര്‍വ്വം തന്നെ ഇപ്പോള്‍ ഈ വീഡിയോ-കള്‍ പുറത്തു വിട്ടതായി തോന്നുന്നു.

അഭയയുടെ മരണത്തിനു ഉത്തരവാദികള്‍ ആരായാലും നിയമത്തിനു മുമ്പില്‍ ശിക്ഷിക്കണം എന്ന് മലയാളീ പൊതു സമൂഹം ആഗ്രഹിക്കുന്നതില്‍ ഞാനും ഉള്‍പ്പെടുന്നു.

എങ്കിലും ഈ നാര്‍ക്കോ ദ്ര്യശ്യങ്ങള്‍ വളരെ ക്രൂരമായി തോന്നി. എന്തൊക്കെയോ മരുന്നുകള്‍ കുത്തി വച്ച് ഉറക്കത്തിനും ഉണര്‍വിനും ഇടയിലുള്ള ഒരു അവസ്ഥയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന അവസ്ഥ. അവരെ ഉറക്കത്തിലേക്കു വിടാതെ തട്ടി ഉണര്‍ത്തുന്ന ചോദ്യകര്‍ത്താവ്. മാനുഷികമായി സഹതാപം തോനുന്ന വളരെ ദയനീയമായ ഒരു അവസ്ഥ ആയിട്ടാണ് എനിക്ക് ഇത് കണ്ടപ്പോള്‍ തോന്നിയത്.

ഇതിലൂടെ വെളിപെടുന്ന സംഭവങ്ങള്‍ വളരെ മുമ്പേ തന്നെ മാധ്യമങ്ങള്‍ പല രൂപത്തില്‍ നമുക്ക് മുമ്പില്‍ കൊണ്ടുവന്നതാണ്.
ആ സംഭവങ്ങളിലേക്ക് എത്തിക്കുവാന്‍ ചോദ്യ കര്‍ത്താവ്‌ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ മറുപടി പറയിക്കുനതായിട്ടാണ് എനിക്ക് തോന്നിയത്.
പോലീസുകാര്‍ തല്ലിയും ചവിട്ടിയും ഒരാളെ ദുര്‍ബലപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്ന പോലെയേ ഇതിനെയും തോനുന്നുള്ളു.

ഇതിന്റെ പിന്നിലെ ശാസ്ത്രീയതയെ പറ്റി എനിക്ക് വല്ല്യ അറിവില്ല.

നാര്‍ക്കോ പരിശോധനയിലെ ഏറ്റു പറച്ചില്‍ കോടതില്‍ പ്രധാന തെളിവായി എടുക്കുമോ?
അതോ മറ്റു തെളിവുകള്‍ക്ക് ഒരു ബലം കൊടുക്കാന്‍ മാത്രമേ സ്വീകരിക്കുവോ?

ഇങ്ങനെ സത്യങ്ങള്‍ വിളിച്ചു പറയിപ്പിക്കാന്‍ നാര്‍ക്കോ പരിശോധന മതിയെങ്കില്‍ ഇപ്പോള്‍ അറസ്റ്റില്‍ ആയിട്ടുള്ള ഗുണ്ടകളെയും, അവര്‍ നിരപരാധികള്‍ എന്ന് പറയുന്ന വീട്ടുകാരെയും, പിന്നെ പരസ്പരം പഴി ചാരി സമയം കളയുന്ന രാഷ്ട്രീയ-ഭരണ കൂടത്തെയും ഒക്കെ ഇമ്മാതിരി നാര്‍ക്കോ പരിശോധനയ്ക്ക്‌ വിധേയം ആക്കണം എന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍ പിന്നെ ഈ മാധ്യമങ്ങളുടെ 'exclusive' പൊറാട്ടുകള്‍ അവസാനിക്കുമല്ലോ.

ആറ് മലയാളിക്ക്....

കുറച്ചു നാള്‍ മുമ്പ് പല മാധ്യമങ്ങളില് കൂടിയും വേള്‍ഡ് മലയാളീ കൌണ്‍സില്‍ (world malayalee council) എന്നൊരു സംഘടനയുടെ ഒരു ഘടകം അയര്‍ലണ്ടിലും (ireland) ഉല്ഘാടനം ചെയ്യപ്പെട്ടതായി വായിക്കാന്‍ ഇടയായി. കുറച്ചു പേരെ സംഘടനയുടെ ഭാരവാഹികള്‍ ആയും തിരഞ്ഞെടുത്തു. ലോകം മുഴുവന്‍ ഘടകങ്ങള് ഉണ്ടെന്നു അവകാശപെടുന്ന ഇവരുടെ ആഗോള നേതാക്കളും അമേരിക്കയിലും നിന്നും ഒക്കെ വന്നിരുന്നു.

വന്‍ സംഭവം ആയിരുന്നു എന്ന മട്ടിലാണ് പിന്നീട് ഉണ്ടായ പ്രചാരണങ്ങള്. സംഘടനയുടെ വെബ്സൈറ്റ്, ബ്ലോഗ്‌ തുടങ്ങിയവയുടെ ഉല്ഘാടനം.

മലയാളികളുടെ പേര് പറഞ്ഞു ഉണ്ടാക്കിയിട്ടുള്ള ഈ സംഘടനയുടെ വെബ്സൈറ്റ് എപ്പോഴോ സന്ദര്‍ശിച്ചപ്പോള്‍ മലയാളം അല്‍പ്പം പോലും കാണാന്‍ സാധിച്ചില്ല. അവരുടെ ബ്ലോഗില്‍ (http://irelandwmc.blogspot.com/) തന്നെ അതെ പറ്റി ഒരു കമന്റ്‌ ഇട്ടപ്പോള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാനുള്ള ശുഷ്കാന്തി അവര്‍ കാണിച്ചു. അവിടെ മറ്റൊരാളിട്ട കമന്റില്‍ നിന്നാണ് രസകരമായ പുതിയൊരു കാര്യം അറിയാന്‍ കഴിഞ്ഞത്.

സ്കൂളിലും മറ്റും കുട്ടികള്‍ തോറ്റ് അതെ ക്ലാസ്സില്‍ തന്നെ പഠിക്കുന്നതിനെ, കുറച്ചു കൂടി നന്നായി മനസ്സിരുത്തി പഠിക്കാന്‍ ആണെന്ന് തമാശക്ക് പറയാറുണ്ട്.അത് പോലെ ആഗോള മലയാളികളെ മൊത്തത്തില്‍ നന്നാക്കാന്‍ ഒന്നല്ല രണ്ടു വേള്‍ഡ് മലയാളീ കൌണ്‍സില്‍ (world malayalee council) നിലവില്‍ ഉണ്ട്. രണ്ടിന്റേയും ഘടകങ്ങള് അയര്‍ലണ്ടിലും നിലവില്‍ വന്നു. രണ്ടു സെറ്റ് ഭാരം വഹിക്കുന്നവരും.

http://www.worldmalayali.org/
http://www.worldmalayalee.org

http://www.wmcireland.org/officials.html
http://www.irelandwmc.com/Officials.php

http://irelandwmc.blogspot.com/

ഇപ്പോളിതാ രണ്ടു കൂട്ടരുടെയും നിരവധി ഈമെയിലുകള്‍ വന്നു കൊണ്ടിരിക്കുന്നു. തങ്ങളാണ് യഥാര്‍ത്ഥ 'ആഗോള മലയാളീ ഉദ്ധരിക്കലുകാര്‍' എന്ന അവകാശവാദവുമായി.

ഓരോ രാഷ്ട്രീയ കാരണവന്മാരും ഓരോ പാര്‍ട്ടികള്‍ കൊണ്ട് നടക്കുന്ന കേരളത്തില്‍ നിന്നും വന്നത് കൊണ്ട് ഈ യഥാര്‍ത്ഥ-അപര സംഘടനകളുടെ പ്രകടനങ്ങളില്‍ വല്ല്യ അത്ഭുതം ഒന്നും തോനുന്നില്ല.

'ആറ് മലയാളിക്ക് നൂറ് മലയാളം' എന്ന് പറയുന്നത് പോലെ 'ആറ് മലയാളിക്ക് നൂറ് സംഘടനകളും' ലോകമെമ്പാടും ‍ പല പേരുകളില്‍ നിലവില്‍ ഉണ്ട്.

പണവും അധികാരവും ഉള്ള ഇടത്തൊക്കെ ഇമ്മാതിരി തമ്മില്‍ തല്ലുകള്‍ സാധാരണം തന്നെ.
ഒന്നേ പറയാന്‍ ഉള്ളു.
ആഗോള മലയാളികളുടെ പേര് പറഞ്ഞുള്ള ഇമ്മാതിരി പേക്കൂത്തുകള്‍ അവസാനിപ്പിക്കുക.


(ബ്ലോഗ്‌ എഴുതാന്‍ വിഷയം ഇല്ലാതെ വിഷമിച്ച എനിക്ക് ഒരു പോസ്റ്റിനുള്ള വിഷയം ഉണ്ടാക്കി തന്നതിന് രണ്ടു കൂട്ടര്‍ക്കും നന്ദി.)

രണ്ടു പത്രം-തട്ടിപ്പ്.

പണ്ട് മനോരമ ദിനപത്രം സ്ഥിരമായി എന്തെങ്കിലും ഒരു സപ്പ്ലിമെന്റ്റ്‌ ദിവസവും തന്നിരുന്നു.

ക്രമേണ അതില്ലാതായി, പേപ്പറിന്റെ എണ്ണവും കുറച്ചു, വില ഇടയ്ക്കു കൂട്ടുകയും ചെയ്യാറുണ്ട്.

ഇപ്പോളുള്ള തട്ടിപ്പ് ഒരു പത്രത്തിന് പകരം രണ്ടു പത്രം എന്നതാണ്. ഏതെങ്കിലും തരത്തില്‍ ഉള്ള ഒരു തട്ടിപ്പ് എന്ന് ഇതിനെ പറയാമോ എന്നറിയില്ല. എങ്കിലും വായനക്കാരേ ഒന്നിന് പകരം രണ്ടു പത്രം എന്ന് പറഞ്ഞു പറ്റിക്കല്‍ തന്നെ ആണിത്.

ഒരു പത്രം 16 പേജ് മാത്രം, അതില്‍ 75 % പരസ്യം ആണ്. വാര്‍ത്തകളുടെ

കറിവേപ്പിലയിലെ രാഷ്ട്രീയം.

തെറ്റിദ്ധരിക്കരുത്, രാഷ്ട്രീയക്കാര്‍ കറിവേപ്പില എന്നൊന്നും അല്ല ഞാന് ‍പറഞ്ഞു വരുന്നത്.
ഇന്ത്യ ഒപ്പിട്ട ആസിയാന്‍ കരാറിന് എതിരെ ഇടതു പക്ഷം ഉയര്‍ത്തി കൊണ്ട് വരുന്ന വിമര്‍ശനങ്ങളുടെ ഒരു സാമ്പിള്‍ ദേശാഭിമാനിയില്‍ കണ്ടു. ഇനി നമ്മള്‍ വിയറ്റ്നാമില്‍ നിന്നുള്ള കറിവേപ്പില ആവും ഉപയോഗിക്കുക പോലും.



ഇടതു പക്ഷം സ്ഥിരമായി ചെയ്യാറുള്ള ഒരു കാര്യം ആണ് ഇത്, തെറ്റിധാരണയും ഭീതിയും പരത്തുന്ന കരുതി കൂട്ടി ഉള്ള പ്രസ്താവനകള്‍ ഇറക്കുക.

കേരളത്തിലെ വീടുകളില്‍ വല്യ പരിചരണം കൂടാതെ വളരുന്ന ഒന്നാണ് കറിവേപ്പില്ല.നമ്മള്‍ എന്ത് കൊണ്ട് ഒരു സ്വയം പര്യാപ്തതയെ പറ്റി ചിന്തിക്കുന്നില്ല.ഓരോ വീട്ടിലും ഒന്നോ രണ്ടോ മൂട് കറിവേപ്പില കൂടുതലായി നട്ടു വളര്‍ത്തി പരിചരിച്ചു കൂടാ. എന്ത് കൊണ്ട് നമ്മള്‍ ഒരു ഇറക്കുമതിയെ ഭയക്കുന്നു.

ഇത്തരം ഭീതി ജനിപ്പിച്ചു മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുനത് ഇടതിന്റെ സ്ഥിരം തന്ത്രം ആണ്. കണ്ണും പൂട്ടി തങ്ങള്‍ക്കു ഇഷ്ട്ടം ഇല്ലാത്തതു എതിര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുക.

കാര്‍ഷിക കേരളം പണ്ടേ തകര്‍ന്നു കിടക്കുക ആണ്. കര്‍ഷക പ്രേമം വിളിച്ചു പറഞ്ഞു നടക്കുന്ന ഇടതു പക്ഷം ഇത്ര കാലം ഭരിച്ചത് കൊണ്ട് കാര്‍ഷിക കേരളത്തിന്‌ ഒരു പ്രത്യേക ഉണര്‍വ്വും ഉണ്ടായിട്ടില്ല.

കേരളത്തില്‍ അരിയ്ക്കും,പച്ചകറികള്‍ക്കും ആയി മറ്റു സംസ്ഥാനങ്ങളെ പണ്ടേ ആശ്രയിക്കുന്നു. ഈ അവസ്ഥയില്‍ കറിവേപ്പിലയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തന്നെ ആയിരിക്കും ഇറക്കുമതി ചെയ്യുനത്.

ഓരോ വീട്ടിലും കറിവേപ്പിലയും മറ്റും വളര്‍ത്തി സ്വയം പര്യാപ്തതയെ പ്രോത്സാഹിപ്പിച്ചു മുന്നോട്ട് പോകേണ്ടതിനു പകരം ഇത്തരം വാദങ്ങള്‍ ഉയത്തി ഭീതി ജനിപ്പിക്കേണ്ട ആവശ്യം ഉണ്ടോ?

ഇരട്ടപേരുകളുടെ പുരാണം...

നമ്മുടെ നാട്ടിന്പുറങ്ങളിലെ ചില ഇരട്ടപേരുകള്‍ (വട്ടപേരുകള്‍) മലയാളികളുടെ ജന്മനാ ഉള്ള നര്‍മ്മ ബോധത്തിന് ഉദാഹരണം ആണെന്ന് തോന്നിയിട്ടുണ്ട്.ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്ന എന്റെ നാട്ടിലെ ചില ഇരട്ടപേരുകളുടെ ചരിത്രം ഇതാ.

നാട്ടില്‍ കട ഒക്കെ നടത്തിയിരുന്ന ഒരു പെന്താക്കൊസ്ത് പാസ്റ്റര്‍ അറിയപെട്ടത്‌ 'ആത്മാവ് തങ്കച്ചന്‍' എന്നായിരുന്നു.

എന്റെ ഒരു നായര്‍ സുഹൃത്തിനെ അടുത്തുള്ള ഒരു കടയിലെ അപ്പാപ്പന്‍ ചെറുപ്പത്തിലെ വിളിച്ചു തുടങ്ങിയതാണ്‌ 'കുറുപ്പ്' എന്ന്. ഇന്നിപ്പോള്‍ അവന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരും അവന്റെ ശെരിക്കുള്ള പേര് വിളിക്കാറില്ല.പലര്‍ക്കും ശെരിക്കുള്ള പേര് അറിയുകപോലും ഇല്ല.

പണ്ട് നാട്ടിലൂടെ വളരെ പഴയ ഒരു ബസ്‌ ഓടി കൊണ്ടിരുന്നു.സ്പീഡും കുറവായിരുന്നു.തടി കൂടി പതിയെ നടന്നിരുന്ന എന്റെ മറ്റൊരു സുഹൃത്തിന് ആ ബസിന്റെ പേര് കിട്ടി 'അരമത്തുമഠം'. 'പെരുമ്പാമ്പ്‌ ' എന്നാ പേരിലും ഈ സുഹൃത്ത്‌ അറിയപ്പെട്ടു.

എന്റെ ഒരു കസിന്‍ ചെറുപ്പത്തില്‍ ആളുകളുടെ അടുത്ത് ഒട്ടി നില്‍ക്കുനതു പോലെ നിന്ന് അല്‍പ്പം കൊത്തയില്‍/കൊഞ്ചി സംസാരിക്കുമായിരുന്നു. അടുത്തൊരു ബന്ധു ഇട്ട പേരാണ് 'അളുപുളി'.എസ്.എസ്.എല്‍.സി ബുക്കില്‍ പോലും അവന്‍ ആ പേര് ഇടേണ്ടി വരുംമെന്നു ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

എന്റെ വളരെ അടുത്ത മറ്റൊരു സുഹൃത്ത്‌, ഫുട്ബോള്‍ ഒക്കെ കളിക്കുമ്പോള്‍ ഉള്ള അവന്റെ ചാട്ടം കാരണം കിട്ടിയ പേരാണു 'ഡിങ്കന്‍'. അവനെ അടുത്ത് കാണുമ്പോള്‍ 'ഡിങ്കാ.. രക്ഷിക്കൂ' എന്ന് പറയുന്നത് ഒരു വിനോദം ആയിരുന്നു.

അണലി കടിച്ചിട്ടും ചാവാത്തവന്‍ 'അണലി' എന്നാ പേരിലും, ലോട്ടറി അടിച്ചവന്‍ ആ പേരിലും,ഇറച്ചി വെട്ടുള്ള വീട്ടുകാര്‍ 'ഇറച്ചി' എന്നും,വിക്കുള്ളവന്‍ 'ഇ.എം.എസ്' എന്നും ഒക്കെ അറിയപ്പെട്ടു.

വ്യക്തികള്‍ക്ക് മാത്രമല്ല ചില കുടുംബങ്ങളില്‍ തലമുറകള്‍ കൈമാറി ഒരേ ഇരട്ടപേര് കിട്ടിയിട്ടുണ്ട്.

'വാഴയില്‍' എന്ന് വീട്ടുപേരുള്ള കുടുംബത്തിലെ എല്ലാവരും അറിയപ്പെട്ടത് 'കിളികള്‍' എന്നാണ്('വാഴയിലെ കിളികള്‍').

ആറടിയില്‍ അധികം ഉയരം ഉള്ള അംഗങ്ങള്‍ ഉള്ള ഒരു കുടുംബക്കാര്‍ 'മുട്ടന്‍' എന്ന് അറിയപ്പെടുന്നു. ഉയരം കൊണ്ട് അവിടെ നിന്നും ഒരാള്‍ ടൈറ്റാനിയം ടീമിനും മറ്റൊരാള്‍ റെയില്‍വേ ടീമിലും വോളീബോള്‍ കളിച്ചു എന്നത് വേറെ കാര്യം.

മുമ്പ് എഴുതിയ ആപ്പിള്‍ പങ്കു വച്ച കഥ എന്നാ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കുടുംബത്തിലെ ഒരു വല്യ വല്യപ്പന്‍ നാട്ടില്‍ പൊതുകാര്യങ്ങളില്‍ ഇടപെട്ട് തര്‍ക്കങ്ങള്‍ ഒക്കെ പരിഹരിക്കുനത്തില്‍ മിടുക്കന്‍ ആയിരുന്നു.കോടതി വ്യവഹാരങ്ങളിലും മിടുക്കന്‍ ആയിരുന്നു.നല്ല കുരുട്ടു ബുദ്ധി. അദേഹത്തിന്റെ രണ്ടു മൂന്നു തലമുറ ശേഷവും 'കുരുക്കന്മാര്‍' എന്ന് കുടുംബത്തിലെ ആളുകള്‍ അറിയപ്പെട്ടു.ഒരല്‍പം കുരുക്ക് ബുദ്ധി ഇന്നും പലരിലും അവശേഷിക്കുണ്ട് എന്നത് വാസ്തവം.

വേറൊരു കുടുംബത്തിലെ സ്ഥൂല ശരീരനായ വല്യപ്പനെ കാറ്റടിച്ചാല്‍ പറന്നു പോകും എന്ന് പരിഹസിച്ചു വിളിച്ചു തുടങ്ങിയതാണ്‌ 'കാറ്റ്' എന്ന്. ഇന്നും തലമുറ കൈമാറി ഈ പേരും തുടരുന്നു.
ഈ 'കാറ്റ്' കുടുംബത്തിലെ സുഹൃത്തുക്കള്‍ക്ക് 'കാറ്റടിച്ചു കൊടുംകാറ്റടിച്ചു... , ചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ..., കാറ്റില്‍ ഇളം കാറ്റില്‍...' തുടങ്ങിയ പത്തില്‍ അധികം പാട്ടുകള്‍ ശേഖരിച്ചു 'തെന്നല്‍ ഗീതങ്ങള്‍' എന്ന പേരിട്ടു ഞാന്‍ കേള്‍പ്പിച്ചിട്ടുണ്ട്.

കലാമണ്ഡലം ഗോപി, ഹരിശ്രീ അശോകന്‍ എന്നൊക്കെ പറയുന്ന പോലെ ആണ് 'മുട്ടന്‍ ഷാജി','കുരുക്കന്‍ സുനില്‍', 'കാറ്റ് ബോബി' എന്നൊക്കെ ഇളം തലമുറ അറിയപ്പെടുന്നത്.

ഇതിലൊക്കെ കൌതുകം തോന്നിയിട്ടുള്ള മറ്റൊരു പേരുണ്ട്.

'മദ്രാസിലെ മോന്‍' (ചുരുക്കത്തില്‍ 'മദ്രാസ്‌') എന്നാ പേരില്‍ ഒരു ചുമട്ടു തൊഴിലാളി അറിയപ്പെട്ടിരുന്നു.പുള്ളി വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന ഒരു മകന്‍ ഉണ്ടായിരുന്നു. വളരെ സ്വാഭാവികമായി ആ പയ്യന് കിട്ടിയ പേരാണു 'ചെന്നൈ'.

ഓരോ ആളുകളെയും സസൂക്ഷ്മം നിരീക്ഷിച്ചു ഇരട്ടപേര് ഇടാന്‍ മിടുക്കുള്ള വ്യക്തികളും ഉണ്ടായിരുന്നു നാട്ടില്‍.
ഒരേ പേരുകള്‍ പലര്‍ക്കും ഉണ്ടാകുമ്പോള്‍ ആളുകളെ തിരിച്ചറിയാന്‍ ഇരട്ടപേരുകള്‍ വളരെ അധികം ഉപകരിക്കാറുണ്ട്.
ദേഹത്ത് പച്ച കുത്തുന്നത് പോലെ ആണ് ഓരോ ഇരട്ടപേരുകള്‍ വീഴുക, ചത്ത്‌ മണ്ണടിഞ്ഞാലും പേര് പോവില്ല.
ചിലരൊന്നും ഇരട്ടപേര് വിളി ഗൌനിക്കാറില്ലെങ്കിലും മറ്റു പലരെയും ഇത് വേദനിപ്പിക്കാരുമുണ്ട്.

നിങ്ങളുടെ ഒക്കെ നാട്ടിന്‍പുറങ്ങളില്‍ ഇതിലും രസകരമായ പേരുകള്‍ ഉണ്ടാവും. പങ്കു വയ്ക്കുക

മനോരമയേ ഇത് അവസാനിപ്പിക്കൂ...

മനോരമയെ ഇതല്ല മാധ്യമ ധര്‍മ്മം. ഇതാ അതിരപ്പിള്ളിയില്‍ സിനിമ ഷൂട്ടിങ്ങിന് എത്തിയ ആന പാപ്പാനെ കുത്തി കൊല്ലുന്ന വീഡിയോ ദൃശ്യം മനോരമ ഓണ്‍ലൈനില്‍ ഇട്ടിരിക്കുന്നു.
അവിടെ ഉണ്ടായിരുന്ന മനോരമ ജീവനക്കാരന്‍ വിജോയ്‌ കെ. പുന്നന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ ആണത്.

പണ്ട് ഇത് പോലെ കേരളത്തില്‍ ആന ഒരാളെ കൊല്ലുന്ന വീഡിയോ കണ്ടതിന്റെ ഞെട്ടലും, ചന്കിടിപ്പും ഇന്നും വിട്ടു മാറിയിട്ടില്ലതതിനാല്‍ ഞാന്‍ ഈ വീഡിയോ കണ്ടില്ല എങ്കിലും അത് അതിക്രൂരം ആയിരിക്കും എന്ന് ഊഹിക്കുന്നു.

എന്ത് തരം മാധ്യമ ധര്‍മം ആണിവിടെ പിന്തുടരുന്നത്?
ആ കൊല്ലപെട്ട വ്യക്തിയും കുടുംബവും ഒരു സ്വകാര്യതയും അര്‍ഹിക്കുന്നില്ലേ.

ഇത് പകര്‍ത്തിയ ശ്രീമാന്‍ വിജോയ്‌, താങ്കള്‍ക്ക് എന്ത് തരം ആത്മസംതൃപ്തി ആണിതില്‍ നിന്നും കിട്ടിയത്. ആ മരിച്ച ആളുടെ കുടംബം ഇത് കണ്ടാല്‍ എന്ത് തരം വികാരം ആണ് ഉണ്ടാവുക എന്ന് ചിന്തിച്ചിട്ടുണ്ടോ?

അടുത്ത കാലത്ത് എന്റെ നാട്ടില്‍ ലോറിയുടെ അടിയില്‍ പെട്ട് ചതഞ്ഞു പോയ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാളെ നാട്ടുകാര്‍ തടഞ്ഞു എന്ന് കേട്ടു.

ക്യാമറ തല്ലി പൊട്ടിച്ചു വിജോയിയുടെ കരണത്ത് രണ്ടു പൊട്ടിക്കാന്‍ അവിടെ ആരും ഇല്ലായിരുന്നോ?
മനോരമ അത് ഓണ്‍ലൈനില്‍ ഇട്ടു ഇവനെ ഒക്കെ പ്രോത്സാഹിപ്പിക്കേണ്ട കാര്യം ഉണ്ടോ?

ഇത് ശരിയല്ല എന്ന് വിളിച്ചു പറയാന്‍ മനോരമയിലെ കൊടി കെട്ടിയ ഒരു പത്ര പ്രവര്‍ത്തകന്‍ പോലും ഇല്ലാത്തത് ലജ്ജാവഹം.

ഇതും ഇതിലപ്പുറവും ക്രൂരത ഉള്ള വീഡിയോ കള്‍ 'യൂ ടൂബി'ലും മറ്റും ഉണ്ടാവും. എന്നിരുന്നാലും ഒരു പ്രമുഖ പത്രം ഇത് ഓണ്‍ലൈനില്‍ കൂടി പ്രസിദ്ധികരിക്കേണ്ട അവശ്യം ഉണ്ടായിരുന്നില്ല.

മനോരമ യോടും , ഇത് പകര്‍ത്തിയ വിജോയ്‌ യോടും ഉള്ള ശക്തമായ പ്രതിക്ഷേധം ഞാന്‍ ഇവിടെ അറിയിക്കുന്നു.
ഈ വീഡിയോ എത്രയും വേഗം നീക്കം ചെയ്യുക.

(മനപൂര്‍വ്വം തന്നെ ആണ് ഞാന്‍ ഒരു ലിങ്കും ഇവിടെ ഇടാത്തത്. മനോരമ ഓണ്‍ലൈനില്‍ നിങ്ങള്ക്ക് ഇത് കാണാന്‍ സാധിക്കും)

Find It